Lead NewsNEWS

യുവനടിയെ അപമാനിച്ച സംഭവം; നടി മാപ്പു നല്‍കിയത് കേസിനെ ബാധിക്കില്ലെന്ന് പോലീസ്

കൊച്ചി മാളില്‍ ഷോപ്പിങ്ങിന് എത്തിയ യുവനടിയെ അപമാനിച്ച കേസില്‍ പ്രതികള്‍ക്ക് നടി മാപ്പു നല്‍കിയത് കേസിനെ ബാധിക്കില്ലെന്ന് പോലീസ്. ഇതോടെ കേസ് നിര്‍ണായക വഴിത്തിരിവിലേക്ക്. പൊതുജനമധ്യത്തില്‍ നടന്ന സംഭവത്തില്‍ കേസെടുക്കുന്നതില്‍ നടിയുടെ നിലപാട് തിരിച്ചടിയാകില്ലെന്നാണ് പോലീസിന്റെ നിലപാട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

പെരിന്തല്‍മണ്ണ സ്വദേശികളായ ആദില്‍,റംഷാദ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.കളമശ്ശേരി സ്റ്റേഷനില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങാന്‍ വേണ്ടി മലപ്പുറത്തുനിന്ന് വാഹനത്തില്‍ വന്ന ഇരുവരെയും കുസാറ്റ് ജംഗ്ഷനില്‍ വച്ച് വാഹനം തടഞ്ഞ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Signature-ad

നടിയെ മനപ്പൂര്‍വ്വം അപമാനിക്കുകയോ പിന്തുടരുകയും ചെയ്തിട്ടില്ലെന്ന് ഇവര്‍ പുറത്തിറക്കിയ വീഡിയോയില്‍ പറയുന്നു. റംഷാദിന്റെ പിതാവിന്റെ പേരുള്ള കാറിന്റെ എസി നന്നാക്കുന്നതിന് തൃശ്ശൂരിലെ വര്‍ക് ഷോപ്പില്‍ വാഹനം ഏല്‍പ്പിച്ച ശേഷം കൊച്ചിയിലെ ഒരു അഭിമുഖത്തില്‍ പങ്കെടുക്കാനാണ് പോയതെന്നാണ് ഇവരുടെ വിശദീകരണം. മടക്ക ട്രയിനിന്റെ സമയം ആകുന്നതുവരെ ലുലുമാളില്‍ ചിലവഴിക്കുകയായിരുന്നു എന്നും ഇവര്‍ പറയുന്നു.

അതേസമയം പ്രതികള്‍ക്ക് മാപ്പ് നല്‍കുന്നതായി നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ”ലുലുമാളില്‍ സംഭവിച്ച കാര്യത്തില്‍ മാപ്പു പറഞ്ഞവര്‍ക്ക് ഞാന്‍ മാപ്പു നല്‍കിയിരിക്കുന്നു. അടിയന്തര നടപടിയെടുത്ത പോലീസിനും പിന്തുണച്ച മാധ്യമങ്ങള്‍ക്കും നന്ദി. പിന്തുണയുമായി എനിക്ക് പിന്നില്‍ നിന്ന എന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും മറ്റുള്ളവര്‍ക്കും നന്ദി. നിങ്ങളുടെ പിന്തുണയാണ് എനിക്കും കുടുംബത്തിനും തുണയായത്. സമാനമായ മാനസിക വ്യഥയോടെ രണ്ടു കുടുംബങ്ങള്‍ കൂടി കഴിയുന്നത് ഞാന്‍ മനസ്സിലാക്കുന്നു. സമാനമായ അനുഭവങ്ങള്‍ പങ്കു വെച്ചിട്ടുള്ളവരോടൊപ്പം ഞാന്‍ നില്‍ക്കുന്നു. നിങ്ങള്‍ക്ക് ശക്തി കിട്ടട്ടേ എന്ന് ഞാന്‍ പ്രത്യാശിക്കുന്നു. ”നടി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ഹൈക്കോടതിയില്‍ നിന്നു മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ പ്രതികള്‍ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് അപേക്ഷ പിന്‍വലിച്ചിരുന്നു.വ്യാഴാഴ്ച കുടുംബത്തോടൊപ്പം മാളില്‍ ഷോപ്പിങ്ങിനെത്തിയപ്പോള്‍ ആള്‍ത്തിരക്കില്ലാത്തിടത്തു വച്ചു പ്രതികള്‍ മനപൂര്‍വം തന്റെ ശരീരത്തു സ്പര്‍ശിക്കുകയും പിന്തുടരുകയും ചെയ്‌തെന്നു നടി സമൂഹമാധ്യമത്തിലൂടെ വെളിപ്പെടുത്തിയതിനെത്തുടര്‍ന്നാണു പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

Back to top button
error: