യഥാർത്ഥ സ്നേഹം നിബന്ധനകളില്ലാത്ത കാരണം കൂടാതെയുള്ള സ്നേഹമാണ്, ഓരോ വ്യക്തിയും സ്വയം അതിനു പാകപ്പെടുക
വെളിച്ചം
വിവാഹം കഴിഞ്ഞ് അധികനാളാകുന്നതിന് മുമ്പേ അവള്‍ക്ക് ത്വക് രോഗം ബാധിച്ചു. ഭര്‍ത്താവിനെ തന്നോടുള്ള ഇഷ്ടം കുറയുമോ എന്ന് ഭയന്നാണ് അവള്‍ ഓരോ ദിവസവും തള്ളിനീക്കിയത്. ഇതിനിടെ ഭര്‍ത്താവിന് ഒരു അപകടം സംഭവിച്ചു. ആ അപകടത്തില്‍ അയാള്‍ക്ക് കാഴ്ച നഷ്ടപ്പെട്ടു. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഭാര്യയുടെ അസുഖം ഭേദമായെങ്കിലും അന്ധനായ അയാള്‍ക്ക് അത് തിരിച്ചറിയാനായില്ല.
വര്‍ഷങ്ങള്‍ കടന്നുപോയി. അയാളുടെ ഭാര്യ മരിച്ചു. അതില്‍ നിരാശനായി ഗ്രാമം വിടാനൊരുങ്ങിയപ്പോള്‍ അയല്‍വാസി ചോദിച്ചു:
“കാഴ്ചയില്ലാതെ എങ്ങിനെ താങ്കള്‍ തനിയെ ജീവിക്കാനാണ്?”
അയാള്‍ പറഞ്ഞു:
“ഞാന്‍ അന്ധനല്ല. ത്വക് രോഗം ശ്രദ്ധിക്കപ്പെടാതിരിക്കാന്‍ ഭാര്യ എന്നില്‍ നിന്നും ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോള്‍ ഞാന്‍ അന്ധനായി അഭിനയിച്ചതാണ്…”
ആത്മവിശ്വാസം സംരക്ഷിക്കുന്നവനാണ് യഥാര്‍ത്ഥ രക്ഷാകര്‍ത്താവ്. സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനുമുളള എല്ലാ കാരണങ്ങളും അവസാനിക്കുമ്പോഴും ഒരാള്‍ കൂടെയുണ്ടാകുക എന്നത് ഭാഗ്യമാണ്. ഒരു കാരണവും കണ്ടെത്താതെ സ്‌നേഹിക്കാന്‍ യാഥാര്‍തഥ സ്‌നേഹമുളളവര്‍ക്കേ കഴിയൂ. സത്യത്തില്‍ ഒരാളെ സ്‌നേഹിക്കേണ്ടത്, അയാള്‍ ആ സ്‌നേഹം ഒട്ടും അര്‍ഹിക്കാത്ത സമയത്താണ്. സ്വയം മതിപ്പുനഷ്ടപ്പെട്ടവര്‍ സ്വയം പോലും സ്‌നേഹിക്കില്ല. അവരെ ആത്മസ്‌നേഹത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള ഏകവഴി അവര്‍ക്കൊപ്പം അവര്‍ ഇഷ്ടപ്പെടുന്ന വിധം ആയിരിക്കുക എന്നതാണ്.
ഓരോ ബന്ധവും സ്വയം പാകപ്പെടുത്തലാണ്, രൂപാന്തരമാണ്. ഒരേ രീതിയില്‍ നിലനില്‍ക്കുന്ന രണ്ടാമതൊരു ബന്ധം ഉണ്ടായിരിക്കുകയില്ല. എല്ലാറ്റിന്റേയും ചേരുവകളും സമവാക്യങ്ങളും വ്യത്യസ്തമായിരിക്കും. ഓരോ ബന്ധത്തിനും അനുയോജ്യമായ വിധം നമ്മെ പാകപ്പെടുത്തുകയാണ് സ്‌നേഹിക്കുന്നവരുടെ ഉത്തരവാദിത്വം. നമുക്കും കാരണം കൂടാതെ സ്‌നേഹിക്കാം.
ശുഭദിനം ആശംസിക്കുന്നു.
സൂര്യനാരായണൻ
ചിത്രീകരണം: നിപുകുമാർ