LocalNEWS

‘ചേലൊത്ത ചേർത്തല,’ നഗരത്തെ അടിമുടി മാറ്റാനുള്ള പ്രഖ്യാപനം അത്തം നാളിൽ

വിപ്ലവത്തിന്റെ ഈറ്റില്ലമാണ് ആലപ്പുഴയുടെ വടക്കേ അറ്റത്തുള്ള ചെറുപട്ടണം ചേർത്തല. ദേശിയ പാത-66 ൽ ആലപ്പുഴയ്ക്കും കൊച്ചിക്കും നടുവിലാണ് ചേർത്തല. ആലപ്പുഴയിൽ നിന്ന് 22ഉം കൊച്ചിയിൽ നിന്ന് 36 ഉം കിലോ മീറ്ററും ദൂരെയാണ് ചേർത്തല.

മാലിന്യ സംസ്കരണം ഉൾപ്പടെ ചേർത്തലയെ അടിമുടി മാറ്റാനുള്ള പദ്ധതികൾ പ്രഖ്യാപിക്കാൻ ഒരുങ്ങുന്നു നഗരസഭാ. വാർഡ് തല സമ്പൂർണ്ണ ഖരമാലിന്യ ശുചിത്വ പരിപാടികൾ പൂർത്തിയായ സാഹചര്യത്തിൽ നഗരസഭാതല ശുചിത്വ പ്രഖ്യാപനം ആഗസ്റ്റ് മാസത്തിൽ അത്തം നാളിനോടനുബന്ധിച്ച് നടത്തുവാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി നഗരസൗന്ദര്യവൽക്കരണത്തിന് നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.

Signature-ad

എ.എസ് കാനൽ വൃത്തിയാക്കാനുള്ള നടപടികൾ ആരംഭിക്കും. നഗരത്തിൽ ശുചിത്വ സന്ദേശങ്ങൾ അടങ്ങിയ ചുവരെഴുത്തുകൾ നടത്തും. പഴയ ദേശീയ പാതയിൽ എക്സറേ കവല മുതൽ ഒറ്റപ്പുന്നവരെ പൂച്ചെടികൾ വെച്ചു പിടിപ്പിക്കും. നഗരത്തിലെ മാലിന്യക്കൂനകൾ ജനകീയമായി വൃത്തിയാക്കി പൂന്തോട്ടങ്ങൾ സൃഷ്ടിക്കും. ആഗസ്റ്റ് 15 ന് എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ശുചിത്വ ദീപം തെളിക്കുന്നതിനും ഇതിന്റെ ഭാഗമായി നടപടി സ്വീകരിക്കും.
നഗരസഭാതല സമ്പൂർണ്ണ ശുചിത്വ പ്രഖ്യാപനത്തോടനുബന്ധിച്ച് മാലിന്യ സംസ്കരണം സംബന്ധിച്ച് കേരളത്തിലെ മുഴുവൻ നഗരസഭാ അധ്യക്ഷന്മാരെയും സെക്രട്ടറിമാരെയും പങ്കെടുപ്പിച്ച് സംസ്ഥാനതല സെമിനാറും സംഘടിപ്പിക്കും. സംഘാടക സമിതി യോഗം നഗരസഭാ ചെയർപേഴ്സൺ ഷേർളി ഭാർഗ്ഗവൻ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ്ചെയർമാൻ ടി.എസ് അജയകുമാർ അധ്യക്ഷത വഹിച്ചു. സംഘാടക സമിതി വർക്കിംഗ് ചെയർമാൻ എ.എസ് സാബു പരിപാടി അവതരിപ്പിച്ചു. നഗരസഭാ സെക്രട്ടറി ടി.കെ സുജിത് റിപ്പോർട്ട് അവതരിപ്പിച്ചു.

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എൻ.കെ പ്രകാശൻ, ലയൺസ് ക്ലബ് പ്രസിഡന്റ് ശിവദാസ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, കൗൺസിലർമാ‍ർ, ഫയർഫോഴ്സ് പോലീസ് ഹെൽത്ത് തുടങ്ങി ഡിപ്പാർട്ട്മെൻറ്കളിൽ നിന്നുള്ള ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാർ, സാംസ്കാരിക സംഘടന പ്രതിനിധികൾ മുനിസിപ്പൽ ജീവനക്കാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

Back to top button
error: