ടെല്‍ അവീവ്: അപകടത്തെത്തുടര്‍ന്ന് തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട പന്ത്രണ്ടുകാരനില്‍ അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്ത് ഡോക്ടര്‍മാര്‍.
ഇസ്രയേലില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ തല തിരികെപിടിപ്പിച്ചത്.
സൈക്കിള്‍ ഓടിക്കുന്നതിനിടെ കാര്‍ തട്ടി ഗുരുതര പരിക്കേറ്റ സുലൈമാൻ ഹാസൻ എന്ന പന്ത്രണ്ടുകാരനിലാണ് ഡോക്ടര്‍മാര്‍ വിജയകരമായി ശസ്ത്രക്രിയ ചെയ്തത്. നട്ടെല്ലിന് മുകളിലെ കശേരുക്കളില്‍ നിന്ന് സുലൈമാന്റെ തലയോട്ടി വേര്‍പെട്ട് പോന്നിരുന്നു.
അപകടത്തിനു പിന്നാലെ ഹാദസാ മെഡിക്കല്‍ സെന്ററിലാണ് സുലൈമാനെ പ്രവേശിപ്പിച്ചത്. കഴുത്തിന്റെ കീഴ്ഭാഗത്തു നിന്ന് തല ഭൂരിഭാഗവും വിട്ടുനില്‍ക്കുന്ന രീതിയിലാണ് സുലൈമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തുടര്‍ന്ന് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാര്‍ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകള്‍ ഘടിപ്പിക്കുകയായിരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ഒഹാദ് ഐനവ് പറഞ്ഞു.
ഇത്തരമൊരു അപകടത്തെ അതിജീവിച്ച ഒരു കുട്ടിക്ക് നാഡീസബംന്ധമായ തകരാറുകള്‍ ഇല്ലായെന്നതും പരസഹായമില്ലാതെ നടക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നു എന്നതും ചെറിയ കാര്യമല്ല എന്നും ഡോ.ഐനവ് പറഞ്ഞു.