മൂന്നാർ: നാടകീയതകൾക്കൊടുവിൽ മൂന്നാർ പഞ്ചായത്ത് ഭരണം വീണ്ടും എൽഡിഎഫിന്. സിപിഐ അംഗം ജ്യോതി സതീഷ് കുമാർ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. നറുക്കെടുപ്പിലൂടെയാണ് ജ്യോതി സതീഷ് കുമാർ തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ നറുക്ക് വീണത് ജ്യോതി സതീഷ് കുമാറിനാണെങ്കിലും യുഡിഎഫ് സ്ഥാനാർത്ഥിയെ വരണാധികാരി വിജയിയായി പ്രഖ്യാപിച്ചിരിന്നു. തുടർന്ന് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് സമീപിച്ചു. പിന്നീട് സാങ്കേതിക പിഴവുണ്ടായി എന്ന് വരണാധികാരി സമ്മതിച്ചതോടെയാണ് ജ്യോതി സതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്തത്.
ഏറെ രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിലാണ് ഇന്ന് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. 21 അംഗ ബോർഡിൽ 11 അംഗങ്ങളുടെ പിന്തുണയുണ്ടെന്ന് യുഡിഎഫ് അവകാശപ്പെട്ടെങ്കിലും തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ ഒരംഗത്തിന്റെ വോട്ട് അസാധുവായതിനെ തുടർന്ന് 10 വീതം വോട്ട് ഇരു സ്ഥാനാർഥികൾക്കും ലഭിച്ചു. തുടർന്നാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്. യുഡിഎഫിനായി സ്ഥാനാർഥി ദീപാ രാജ്കുമാറാണ് മത്സരിച്ചത്.