മുംബൈ: ഓണ്‍ലൈന്‍ ഗെയിമായ ‘പബ്ജി’യിലൂടെ പരിചയപ്പെട്ട് ഇന്ത്യന്‍ യുവാവുമായി പ്രണയത്തിലായ സീമ ഹൈദര്‍ പാക്കിസ്ഥാനിലേക്ക് തിരിച്ചെത്തിയില്ലെങ്കില്‍ 2008ലെ മുംബൈ മോഡല്‍ ആക്രമണമുണ്ടാകുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് കണ്‍ട്രോള്‍ റൂമിലേക്കാണ് ഉറുദു സംസാരിക്കുന്ന അജ്ഞാതന്റെ ഫോണ്‍കോള്‍ വന്നത്.
സീമ ഹൈദര്‍ തിരികെയെത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് വലിയ നാശമുണ്ടാകുമെന്നും 26/11 മുംബൈ ഭീകരാക്രമണത്തിനു സമാനമായ മറ്റൊരാക്രമണത്തിന് തയ്യാറായിക്കൊള്ളാനും അജ്ഞാതന്‍ ഫോണ്‍ സന്ദേശത്തില്‍ പറഞ്ഞു. ആക്രമണമുണ്ടായാല്‍ അതിനു കാരണക്കാര്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ആയിരിക്കുമെന്നും ഇയാള്‍ പറഞ്ഞതായി മുംബൈ പൊലീസ് വ്യക്തമാക്കി.
ബുധനാഴ്ച രാത്രി ഫോണ്‍ കോള്‍ വന്നതിനു പിന്നാലെ മുംബൈ പോലീസും ക്രൈംബ്രാഞ്ചും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്നാണ് കോള്‍ വന്നത്. ഐപി അഡ്രസ്സ് ട്രാക്ക് ചെയ്യാനുള്ള ശ്രമത്തിലാണ് പോലീസ്.
‘പബ്ജി’ ഗെയിം കളിക്കുന്നതിനിടെ പരിചയപ്പെട്ട ഗ്രേറ്റര്‍ നോയിഡ സ്വദേശി സച്ചിന്‍ മീണയുമായി പ്രണയത്തിലായ സീമ ഹൈദര്‍ അനധികൃതമായാണ് ഇന്ത്യയിലെത്തിയത്. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍നിന്നുള്ള സീമ 2014 ല്‍ വിവാഹശേഷം കറാച്ചിയില്‍ താമസിച്ചുവരികയായിരുന്നു. നേപ്പാള്‍ വഴി നാല് കുട്ടികളുമായാണ് അവര്‍ ഇന്ത്യയിലേക്ക് കടന്നത്. അനധികൃതമായി താമസിക്കുന്നുവെന്ന കുറ്റത്തിന് സീമയെയും സംരക്ഷണം നല്‍കിയ സച്ചിനെയും ജൂലൈ നാലിന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കേസ് പരിഗണിച്ച നോയിഡയിലെ കോടതി ഇരുവരെയും ജാമ്യത്തില്‍ വിട്ടു.
മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയ ഇവര്‍ തങ്ങളുടെ പ്രണയം തുറന്നുപറയുകയും വിവാഹിതരായി ഇന്ത്യയില്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, ജോലിയുമായി ബന്ധപ്പെട്ട് സൗദി അറേബ്യയില്‍ കഴിയുന്ന സീമയുടെ ഭര്‍ത്താവ് ഗുലാം ഹൈദര്‍ കാര്യങ്ങള്‍ പിന്നീടാണറിഞ്ഞതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. തന്റെ കുടുംബത്തെ തിരികെയെത്തിക്കാന്‍ സഹായിക്കണമെന്ന് ഹൈദര്‍ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ഥിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.