KeralaNEWS

‘അമൃത് ഭാരത്’ പദ്ധതിയില്‍ കേരളത്തിലെ 30 റെയില്‍വേ സ്റ്റേഷനുകള്‍ നവീകരിക്കും; 303 കോടി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ റെയില്‍വേ സ്റ്റേഷനുകളുടെ നവീകരണത്തിന് അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 303 കോടിരൂപ അനുവദിച്ചു. നിലവില്‍ പ്രഖ്യാപിച്ച തിരുവനന്തപുരം, കൊല്ലം, എറണാകുളം സ്റ്റേഷനുകളുടെ പുതുക്കിപ്പണിയലിന് പുറമേയാണിത്. തിരുവനന്തപുരം ഡിവിഷനിലെ 15 സ്റ്റേഷനുകള്‍ക്ക് 108 കോടി രൂപയും പാലക്കാട് ഡിവിഷനിലെ 15 സ്റ്റേഷനുകള്‍ക്ക് 195.54 കോടി രൂപയും ലഭിക്കും.

ദക്ഷിണ റെയില്‍വേയില്‍ 90 സ്റ്റേഷനുകളുടെ നവീകരണത്തിന് 934 കോടി രൂപയാണ് റെയില്‍വേ മാറ്റിവെച്ചത്. നടപ്പാലങ്ങള്‍, ലിഫ്റ്റുകള്‍, യന്ത്രഗോവണികള്‍, പാര്‍ക്കിങ് സൗകര്യം, ട്രെയിനുകളുടെ വരവും പോക്കും അറിയാന്‍ കഴിയുന്ന വിവരവിനിമയസംവിധാനം, പ്ലാറ്റ്ഫോമുകളുടെ നീളവും ഉയരവും കൂട്ടല്‍, പ്ലാറ്റ്ഫോമുകളില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ ഇരിപ്പിടങ്ങള്‍, വിശ്രമമുറികള്‍, നിരീക്ഷണക്യാമറ, ജനറേറ്ററുകള്‍ എന്നിവയാണ് ഒരുക്കുന്നത്.

Signature-ad

സ്റ്റേഷനുകളുടെ പ്രാധാന്യം, ആശ്രയിക്കുന്ന യാത്രക്കാര്‍, ട്രെയിനുകളുടെ എണ്ണം എന്നിവ അടിസ്ഥാനമാക്കിയാണ് സ്റ്റേഷനുകള്‍ തിരഞ്ഞെടുത്തത്. ഇവയുടെ നിര്‍മാണത്തിന് റെയില്‍വേ മന്ത്രാലയം അനുമതി നല്‍കി. 13 നടപ്പാലങ്ങളും 48 ലിഫ്റ്റുകളും രണ്ട് എസ്‌കലേറ്ററുകളും സംസ്ഥാനത്തെ സ്റ്റേഷനുകള്‍ക്ക് ലഭിക്കും.

പൈതൃക തനിമ നിലനിര്‍ത്തി തിരുവനന്തപുരം, കൊല്ലം, എറണാകുളം ജങ്ഷന്‍, എറണാകുളം ടൗണ്‍ സ്റ്റേഷനുകള്‍ നവീകരിക്കാന്‍ അമൃത് ഭാരത് സ്റ്റേഷന്‍ പദ്ധതിയുടെ ആദ്യഘട്ടത്തില്‍ റെയില്‍വേ തീരുമാനിച്ചിരുന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍ പുതുക്കിപ്പണിയാന്‍മാത്രം 496 കോടി രൂപയാണ് അനുവദിച്ചത്. ബംഗളൂരു ആസ്ഥാനമായ റെയില്‍വേ ലാന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിക്കാണ് നിര്‍മാണച്ചുമതല.

നവീകരിക്കുന്ന സ്റ്റേഷനുകള്‍

വടക്കാഞ്ചേരി, നാഗര്‍കോവില്‍, ഗുരുവായൂര്‍, ആലപ്പുഴ, തിരുവല്ല, ചിറയിന്‍കീഴ്, ഏറ്റുമാനൂര്‍, കായംകുളം, തൃപ്പുണിത്തുറ, ചാലക്കുടി, അങ്കമാലി, ചങ്ങനാശ്ശേരി, നെയ്യാറ്റിന്‍കര, കുഴിത്തുറ, മാവേലിക്കര, ഷൊര്‍ണൂര്‍, തലശ്ശേരി, കുറ്റിപ്പുറം, ഒറ്റപ്പാലം, പൊള്ളാച്ചി, തിരൂര്‍, വടകര, പയ്യന്നൂര്‍, നിലമ്പൂര്‍ റോഡ്, കാസര്‍കോട്, മംഗളൂരു, മാഹി, പരപ്പനങ്ങാടി, ഫറോക്ക്, അങ്ങാടിപ്പുറം

Back to top button
error: