ചെന്നൈ: ശരത് കുമാറും, അശോക് സെൽവനും, നിഖില വിമലും പ്രധാന വേഷത്തിൽ എത്തിയ തമിഴ് ഇൻവസ്റ്റിഗേഷൻ ത്രില്ലർ പോർ തൊഴിൽ കഴിഞ്ഞ മാസമാണ് തീയറ്ററുകളിൽ എത്തിയത്. വിഘ്നേഷ് രാജ സംവിധാനം ചെയ്ത ഈ ലോ ബജറ്റ് ചിത്രം അപ്രതീക്ഷിതമായ വിജയമാണ് തമിഴ്നാട്ടിലും കേരളത്തിലും മറ്റും ഉണ്ടാക്കിയത്. ഇപ്പോഴും തീയറ്ററുകളിൽ ഈ ചിത്രം ഓടുന്നുണ്ട്.
അടുത്തിടെ ചെന്നൈയിൽ ചിത്രത്തിൻറെ വിജയാഘോഷം നടന്നിരുന്നു. ചിത്രം 50 കോടിയിലേറെയാണ് ചെറിയ സമയത്തിനുള്ളിൽ നേടിയെന്നാണ് ഈ ചടങ്ങിൽ ചിത്രത്തിൻറെ നിർമ്മാതാവ് അറിയിച്ചത്. അതേ സമയം ഇതേ ചടങ്ങിൽ ചിത്രത്തിലെ പ്രധാന താരമായ ശരത് കുമാർ തീയറ്റർ ഉടമകളോടും വിതരണക്കാരോടും ഒരു പ്രത്യക അഭ്യർത്ഥ നടത്തിയിരുന്നു. ചിത്രം ഒടിടിയിൽ വന്നാലും ചിത്രം തീയറ്ററിൽ 100 നാൾ ഓടിക്കണം എന്നായിരുന്നു അത്.
സാധാരണ രീതിയിൽ ചിത്രം ഇറങ്ങി 28 ദിവസത്തിന് ശേഷം ഒടിടി ഇറക്കാം എന്നാണ്. പോർ തൊഴിൽ നേരത്തെ തന്നെ ഒടിടി സെയിൽ നടന്ന പടമാണ്. എന്നാൽ തീയറ്ററിലെ മികച്ച പ്രകടനം കണക്കിലെടുത്ത് ചിത്രത്തിൻറെ ഒടിടി റിലീസ് നീട്ടിയെന്നാണ് വിവരം. പ്രൊഡ്യൂസർ ഇത് സംബന്ധിച്ച് നടത്തിയ ആവശ്യം ചിത്രം റിലീസ് ചെയ്യേണ്ട ഒടിടി പ്ലാറ്റ്ഫോം സ്വീകരിച്ചുവെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയായിരുന്നു പോർ തൊഴിൽ ഒടിടിയിൽ റിലീസ് ആകേണ്ടിയിരുന്നത്. പോർ തൊഴിൽ ഒടിടി അവകാശം സോണിലീവ് ആണ് വാങ്ങിയിരിക്കുന്നത്. എന്തായാലും ഈ മാസം ചിത്രം റിലീസ് ചെയ്യില്ല എന്നാണ് വിവരം. ആഗസ്റ്റ് മാസത്തിലെ ഇവരുടെ ഏറ്റവും വലിയ റിലീസുകളിൽ ഒന്നായിരിക്കും പോർ തൊഴിൽ.