IndiaNEWS

പ്രളയത്തിൽ രാജ്യതലസ്ഥാനം സ്തംഭിച്ചു, ട്രക്കുകളും ബസ്സുകളുമടക്കം മുങ്ങി, ചെങ്കോട്ട അടച്ചു,; 45 വർഷത്തിൽ ആദ്യം

ന്യൂഡൽഹി: യമുനാനദി കരകവിഞ്ഞതോടെ കടുത്ത പ്രളയക്കെടുതി വലഞ്ഞ് രാജ്യതലസ്ഥാനം. പ്രധാന റോഡുകളിൽ വൻതോതിൽ വെള്ളമുയർന്നതോടെ ഡൽഹി സ്തംഭിച്ചു. കഴിഞ്ഞ 45 വർഷത്തിനിടെ ആദ്യമായാണ് യമുന കരകവിഞ്ഞ് നഗരത്തിലൂടെ ഒഴുകുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയുടെ അടുത്തുവരെ പ്രളയജലം എത്തി. ആശുപത്രികളിലടക്കം വെള്ളം കയറി. യമുനയിലെ ജലനിരപ്പ് അപകടകരമായി ഉയർന്നതോടെ തീരപ്രദേശത്തുനിന്ന് ആയിരക്കണക്കിനു ജനങ്ങളെ ഒഴിപ്പിച്ചു. താൽക്കാലിക ടെന്റുകളിലാണ് ഇവരെ പാർപ്പിച്ചിരിക്കുന്നത്. അപകടനിലയ്ക്കു 3 മീറ്റർ മുകളിലാണു ജലനിരപ്പ്.

ചെങ്കോട്ടയുടെ പരിസരത്തും വലിയ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ചെങ്കോട്ടയിലേക്ക് രണ്ട് ദിവസത്തേക്ക് സന്ദര്‍ശകരെ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെയാണ് നിലവില്‍ ഡല്‍ഹിയില്‍ വിന്യസിച്ചിട്ടുള്ളത്. രാജ്യതലസ്ഥാനത്തെ വിവിധ പ്രദേശങ്ങളില്‍നിന്നായി 2500 പേരെ ഇതിനകം ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് എന്‍.ഡി.ആര്‍.എഫ് ഡിഐജി പറഞ്ഞു.  യമുനയിലെ ജലനിരപ്പ് വ്യാഴാഴ്ച ഉച്ചയോടെ 208.62 മീറ്ററായി ഉയർന്നു.
ലഫ്. ഗവർണർ വി.കെ.സക്സേന, മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ എന്നിവർ പങ്കെടുത്ത ഉന്നതതല യോഗം സ്ഥിതിഗതികൾ വിലയിരുത്തി.

Signature-ad

പ്രളയ ഭീഷണി കണക്കിലെടുത്തു സ്കൂളുകൾ, കോളജുകൾ, അടിയന്തര സേവനഗണത്തിൽ ഉൾപ്പെടാത്ത സർക്കാർ ഓഫിസുകൾ എന്നിവയ്ക്ക് 16 വരെ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കു വർക്ക് ഫ്രം ഹോം സൗകര്യം അനുവദിക്കുന്നതു പരിഗണിക്കാനും സർക്കാർ നിർദേശിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള ബസുകൾ, ഭാരവാഹനങ്ങൾ എന്നിവ ഡൽഹിയിലേക്കു പ്രവേശിക്കുന്നതു നിരോധിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 12 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കു നിയോഗിച്ചിട്ടുണ്ട്.

ഡൽഹി, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയാണു ജലനിരപ്പ് ഉയരാൻ കാരണം. ഹിമാചലിൽ നിന്ന് ഒഴുകിയെത്തുന്ന ജലം ഹരിയാനയിലെ ഹാത്നികുണ്ഡ് അണക്കെട്ടിൽനിന്നു യമുനയിലേക്കു തുറന്നുവിട്ടതോടെയാണു ഡൽഹി പ്രളയ ജലത്തിൽ മുങ്ങിയത്.

ഓൾഡ് ഡൽഹിയിലാണു പ്രളയം ഏറെ ദുരിതം വിതച്ചത്. ചെങ്കോട്ട, ചാന്ദ്നിചൗക്ക്, രാജ്ഘട്ട്, ഐടിഒ, സിവിൽ ലെയ്ൻസ്, കശ്മീരി ഗേറ്റ്, യമുന ബസാർ, മൊണാസ്ട്രി മാർക്കറ്റ്, ഡൽഹി സെക്രട്ടേറിയറ്റ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലെല്ലാം വെള്ളം കയറി. റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം വഴിതിരിച്ചുവിട്ടതോടെ മറ്റുപല റോഡുകളിലും വന്‍ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത് വെള്ളക്കെട്ടു കാരണം  മെട്രോ ഗതാഗതവും തടസ്സപ്പെട്ടു. ഹരിയാനയിൽനിന്നുള്ള വെള്ളത്തിന്റെ വരവ് ഇന്നു പുലർച്ചെയോടെ കുറയുമെന്നാണ് കേന്ദ്ര ജലകമ്മിഷന്റെ നിഗമനം.

Back to top button
error: