തിരുവന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വേണ്ടി കേന്ദ്രന്ത്രിമാര്‍ സംസ്ഥാനത്ത് സ്ഥാനാര്‍ഥികളാകുമെന്ന് റിപ്പോര്‍ട്ട്. പ്രധാന നേതാക്കളെയെല്ലാം വിവിധ മണ്ഡലങ്ങളില്‍ മത്സരിപ്പിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കേന്ദ്രമന്ത്രിമാരായ വി മുരളീധരനും രാജീവ് ചന്ദ്രശേഖറും ജനവിധി തേടുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നതുപോലെ ആറ്റിങ്ങല്‍ മണ്ഡലത്തില്‍ തന്നെയാകും വി മുരളീധരന്‍ മത്സരിക്കുക. ഇതിനോടകം തന്നെ ഇദ്ദേഹം ആറ്റിങ്ങളിലെ ജനസമ്പര്‍ക്ക പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാനത്ത് ബിജെപി ശ്രദ്ധ കൊടുക്കുന്ന പ്രധാന മണ്ഡലങ്ങളിലൊന്നാണ് ആറ്റിങ്ങല്‍. കഴിഞ്ഞതവണ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശ് 37.91 ശതമാനം വോട്ടുകള്‍ നേടി വിജയിച്ച മണ്ഡലത്തില്‍ ബിജെപിയുടെ ശോഭ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തായിരുന്നു. 24.69 ശതമാനം വോട്ടുകള്‍ മാത്രമാണ് ശോഭയ്ക്ക് ഇവിടെ ലഭിച്ചത്. രണ്ടാമതെത്തിയ സിപിഎം നേതാവ് എ സമ്പത്തിന് 34.41 ശതമാനം വോട്ടുകളും ഉണ്ടായിരുന്നു.
വരുന്ന തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് കോണ്‍ഗ്രസില്‍ നിന്നൊരു സര്‍പ്രൈസ് സ്ഥാനാര്‍ഥിയെ കൊണ്ടുവരാനുള്ള തയ്യാറെടപ്പിലായിരുന്നു ബിജെപി്. നിലവില്‍ എംപിയായ ഒരു കോണ്‍ഗ്രസ് നേതാവ് ബിജെപി ദേശീയ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നെന്നും എന്നാല്‍ ഇദ്ദേഹത്തിന്റെ പാര്‍ട്ടിപ്രവേശനത്തെ കേന്ദ്രമന്ത്രിസഭയിലെ പ്രമുഖന്‍ എതിര്‍ക്കുകയുമായിരുന്നെന്നാണ് വാര്‍ത്തകള്‍ പറയുന്നത്.
ഇതോടെ തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ പേരാണ് പ്രഥമ പരിഗണനയിലുള്ള കഴിഞ്ഞദിവസങ്ങളില്‍ കേരളത്തിലെത്തിയ രാജീവ് ചന്ദ്രശേഖര്‍ സാമുദായിക, ആധ്യാത്മിക നേതാക്കളെ കണ്ടിരുന്നു. പാര്‍ട്ടി അവസരം നല്‍കിയാല്‍ കേരളത്തില്‍ മത്സരിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളില്‍ ഒന്നാമത്തേത് തിരുവനന്തപുരം തന്നെയാണ്. 2019ലെ തെരഞ്ഞെടുപ്പില്‍ ബിജെപി രണ്ടാമതെത്തിയ മണ്ഡലം കൂടിയാണ് ഇത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, മുന്‍ അധ്യക്ഷന്മാരായ കുമ്മനം രാജശേഖരന്‍, പികെ കൃഷ്ണദാസ് തുടങ്ങിയവരെല്ലാം മത്സരരംഗത്ത് ഉണ്ടായേക്കും. സുരേഷ് ഗോപി തൃശൂരില്‍ തന്നെയാകും മത്സരിക്കുക.