ഭുവനേശ്വര്‍: ഒഡീഷയില്‍ ശവസംസ്‌കാരത്തിനിടെ പാതി വെന്ത മൃതദേഹം ഭക്ഷിച്ച രണ്ടു പേര്‍ അറസ്റ്റില്‍. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലെ ഗ്രാമമായ ബന്ധാസഹിയില്‍ മൃതദേഹം സംസ്‌കരിക്കുന്നതിനിടെ ചൊവ്വാഴ്ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് സുന്ദര്‍ മോഹന്‍ സിങ് (58), നരേന്ദ്ര സിങ് (25) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബന്ധാസഹി സ്വദേശി മധുസ്മിത സിങ്ങി(25) ന്റേതായിരുന്നു മൃതദേഹം.
രോഗം ബാധിച്ച് ഗ്രാമത്തിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് മധുസ്മിത മരിച്ചത്. ശ്മശാനത്തില്‍, ശവസംസ്‌കാര സമയത്ത് രണ്ടു മദ്യപാനികള്‍ പാതിവെന്ത ശരീരത്തിന്റെ ഒരു ഭാഗം മൂന്നു കഷ്ണങ്ങളാക്കി. അതില്‍ ഒരു ഭാഗം മാംസം അവര്‍ ഭക്ഷിച്ചെന്നാണ് മധുസ്മിതയുടെ ബന്ധുവിന്റെ മൊഴി.
തുടര്‍ന്ന് ഗ്രാമവാസികള്‍ ഇരുവരെയും മര്‍ദിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് സ്ഥലത്തെത്തി രണ്ടു പേരെയും കസ്റ്റഡിയിലെടുത്ത് അന്വേഷണം ആരംഭിച്ചു. കുറ്റം സമ്മതിച്ച സുന്ദറും നരേന്ദ്രനും തങ്ങള്‍ മദ്യലഹരിയിലാണ് ഇത്തരത്തില്‍ ഒരു പ്രവൃത്തി ചെയ്തതെന്നും പൊലീസിനോടു പറഞ്ഞു.