ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കാനൊരുങ്ങി മോഹന്‍ലാല്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘ദൃശ്യം 2’ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിടുന്ന കാര്യമാണ് മോഹന്‍ലാല്‍ പങ്കുവച്ചിരിക്കുന്നത്. ടീസറിലെ ഒരു ചിത്രം പങ്കുവച്ചാണ് ജനുവരി ഒന്നിന് ടീസര്‍ എത്തുമെന്ന് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്.
“വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡബ്ബിങ് സ്റ്റുഡിയോയുടെ മോണിറ്ററില്‍ ഇതു പോലൊരു റീല്‍ കാര്‍ഡ് ഞാന്‍ കണ്ടു. പിന്നീട് നടന്നത്, നിങ്ങള്‍ക്കും എനിക്കും അറിയാവുന്ന ചരിത്രം. ദൃശ്യം. ഇന്ന് ഈ ഡിസംബര്‍ 19ന് . ദൃശ്യം നിങ്ങളിലേക്കെത്തിയിട്ട് 7 വര്‍ഷം തികയുന്ന ദിവസം, നിങ്ങളിലേക്ക് ഒരു റീല്‍ കാര്‍ഡ് കൂടെ.
ദൃശ്യം 2 ടീസറിന്റെ . കാത്തിരിക്കാന്‍ ഇനി കുറച്ചു നാളുകള്‍ കൂടെ. ജനുവരി 1ന് .. പുതുവത്സര ദിനത്തില്‍ ദൃശ്യം 2 ടീസര്‍ നിങ്ങളിലേക്ക്..” എന്നാണ് മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
കോവിഡ് പ്രതിസന്ധികള്‍ മറികടന്നാണ് ജിത്തു ജോസഫ് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം 2വിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. 56 ദിവസത്തെ ഷെഡ്യൂളുമായി ആരംഭിച്ച സിനിമയുടെ ചിത്രീകരണം 46 ദിവസം കൊണ്ട് അവസാനിക്കുകയായിരുന്നു. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് തൊടുപുഴിലും പരിസരപ്രദേശങ്ങളിലുമാണ് ചിത്രീകരണം നടന്നത്. സെപ്റ്റംബര്‍ 21 നാണ് ചിത്രീകരണം ആരംഭിച്ചത്. താരങ്ങള്‍ അടക്കമുളള അണിയപ്രവര്‍ത്തകരെ കോവിഡ് ടെസ്റ്റിന് വിധേയമാക്കികൊണ്ടായിരുന്നു ഷൂട്ടിങ് നടന്നത്.
ഒരു ആര്‍ട്ടിസ്റ്റ് പത്ത് ദിവസം വര്‍ക്ക് ചെയ്തിട്ട് പുറത്ത് പോയാലും പിന്നീട് കോവിഡ് ടെസ്റ്റ് ചെയ്തിട്ടെ ലൊക്കേഷനിലേക്ക് കയറ്റുകയുളളൂ, മാത്രമല്ല ഷൂട്ടിങ് കഴിയുന്നതുവരെ സംഘത്തിലുള്ളവരെ മുഴുവന്‍ ക്വാറന്റീന്‍ ചെയ്തായിരുന്നു ചിത്രീകരണം.
കോവിഡ് പരിശോധന നടത്തിയ ശേഷം മോഹന്‍ലാല്‍ അടക്കം ചിത്രത്തിലെ മുഴുവന്‍ പേര്‍ക്കും ഷൂട്ടിങ് ഷെഡ്യൂള്‍ തീരുന്നതുവരെ അതാത് സ്ഥലങ്ങളില്‍ ഒരൊറ്റ ഹോട്ടലിലായിരുന്നു താമസം. ഇവരുമായി സെറ്റിലേക്ക് ഭക്ഷണത്തിനടക്കമുള്ള സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കും ഷൂട്ടിങ് സ്ഥലത്തേക്കുള്ള സുരക്ഷ ഒരുക്കുന്ന ടീമിനും പുറത്തുനിന്നുള്ളവര്‍ക്കുമോ ബന്ധപ്പെടാന്‍ സാഹചര്യമുണ്ടായിരുന്നില്ല. ഷൂട്ടിങ് തീരുന്നതുവരെ സംഘത്തിലുള്ള ആര്‍ക്കും പുറത്തുപോകാനും അനുവാദമുണ്ടായിരുന്നില്ല.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ‘ദൃശ്യം 2’ നിര്‍മിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തില്‍ മീന, അന്‍സിബ, എസ്തര്‍, സിദ്ദിഖ്, ആശാ ശരത്ത്, സായ്കുമാര്‍, മുരളി ഗോപി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
ആദ്യമായി അമ്പത് കോടിയിലധികം കളക്ഷന്‍ നേടിയിരുന്ന ഈ ചിത്രം മറ്റ് ഭാഷകളിലേക്കും പരിഭാഷ ചെയ്തിരുന്നു. അതിന് ശേഷം ഈ സിനിമ വീണ്ടും വരുമ്പോള്‍ പ്രേക്ഷകര്‍ വലിയ ആകാംഷയിലാണ്.