IndiaNEWS

കരകവിഞ്ഞ് യമുന, ജലനിരപ്പ് ഇനിയും ഉയരും; കേജ്രിവാളിന്റെ വസതിക്ക് സമീപം വെള്ളംകയറി

ന്യൂഡല്‍ഹി: ബുധനാഴ്ച രാത്രിയില്‍ യമുനാനദിയിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നതോടെ ഡല്‍ഹി നിവാസികള്‍ ദുരിതത്തിലായി. ഹരിയാനയിലെ ഹത്‌നികുണ്ഡ് അണക്കെട്ടില്‍നിന്ന് കൂടുതല്‍ ജലം തുറന്നുവിട്ടതോടെ വ്യാഴാഴ്ച രാവിലെ ജലനിരപ്പ് 208.46 മീറ്ററായി. യമുനയില്‍ പതിറ്റാണ്ടുകള്‍ക്കിടെയുള്ള ഉയര്‍ന്ന ജലനിരപ്പാണിത്. അണക്കെട്ടില്‍നിന്നു കൂടുതല്‍ ജലം നദിയിലേക്കു തുറന്നുവിടരുതെന്ന് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടു.

ഹിമാചല്‍ പ്രദേശില്‍ കനത്തമഴ തുടരുന്ന സാഹചര്യത്തിലാണ് അണക്കെട്ടില്‍ സംഭരിക്കാവുന്നതിലേറെ വെള്ളം എത്തിയത്. അധികജലം തുറന്നുവിടണമെന്ന നിലപാടില്‍ കേന്ദ്രം ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ രണ്ട് മണിയോടെ അണക്കെട്ടില്‍നിന്നുള്ള നീരോഴുക്കു കുറയുമെന്ന് കേന്ദ്ര ജല കമ്മിഷന്‍ അറിയിച്ചു.

Signature-ad

സിവില്‍ ലൈന്‍സ് ഏരിയയിലെ റിങ് റോഡില്‍ വെള്ളംകയറിയതിനെത്തുടര്‍ന്ന് മജ്‌നു കാ ടിലയെയും കശ്മീരി ഗേറ്റിനെയും ബന്ധിപ്പിക്കുന്ന ഭാഗത്തേക്ക് പ്രവേശനം നിരോധിച്ചു. ഡല്‍ഹി നിയമസഭയുടെയും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെയും വസതിയില്‍നിന്ന് 500 മീറ്റര്‍മാത്രം അകലെയാണിത്.

ഓള്‍ഡ് ഡല്‍ഹിയില്‍ വെള്ളപ്പൊക്ക ഭീഷണിയുള്ളതിനാല്‍ നിഗംബോധ്ഘട്ടിലേക്ക് ആളുകള്‍ പ്രവേശിക്കരുതെന്ന് നിര്‍ദേശമുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഡല്‍ഹിയില്‍ ദേശീയ ദുരന്തനിവാരണ സേനയുടെ 12 സംഘമാണ് നിലവിലുള്ളത്. ഡല്‍ഹിയില്‍ കഴിഞ്ഞ രണ്ട് ദിവസമായി മഴയില്ലാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ കഴിയുന്നുണ്ട്.

Back to top button
error: