തിരുവനന്തപുരം: മണക്കാട് മുക്കോലയ്ക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ നിന്നും 87.5 പവന്റെ ആഭരണം മോഷ്ടിച്ച കേസില്‍ പ്രധാന പ്രതിക്കൊപ്പം സഹായിയായ സ്ത്രീയും പിടിയിലായി. നെടുമങ്ങാട് പത്താം കല്ല് സ്വദേശി ഷെഫീഖ് (34), കാട്ടാക്കട കോട്ടൂര്‍ സ്വദേശിനി ബീമാക്കണ്ണ് (47) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനും ഒളിവില്‍ കഴിയാനും പ്രതിയെ സഹായിച്ചത് ബീമാക്കണ്ണായിരുന്നു.
ഷെഫീഖിന്റെ സുഹൃത്തിന്റെ ഭാര്യയാണിവര്‍. ഇവരുടെ വീട്ടിലായിരുന്നു പ്രതി ഒളിവില്‍ കഴിഞ്ഞത്. കാട്ടാക്കടയിലെ രണ്ട് ജൂവലറികളിലാണ് സ്വര്‍ണം വിറ്റത്. മോഷണമുതലില്‍ പകുതിയിലേറെ സ്വര്‍ണവും ആഭരണങ്ങള്‍ വിറ്റുകിട്ടിയ പണവും ഇരുവരില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് മണക്കാട് ബാലസുബ്രഹ്‌മണ്യ അയ്യരുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. തിരുച്ചെന്തൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. ലഹരിക്കടിമയായ പ്രതി കറങ്ങി നടക്കുന്നതിനിടെ പൂട്ടിക്കിടന്ന വീട്ടില്‍ കയറുകയായിരുന്നു. പിന്‍ഭാഗം വഴി വീടിന്റെ രണ്ടാം നിലയിലെത്തിയ മോഷ്ടാവ് ഗ്രില്ലിന്റെ വാതില്‍ തള്ളിത്തുറന്ന് ഉള്ളില്‍ കടന്നു. ഗ്രില്ലിനുള്ളിലെ വാതില്‍ വീട്ടുകാര്‍ പൂട്ടാന്‍ മറന്നത് മോഷ്ടാവിന് സഹായകമായി. സിറ്റി ഡി.സി.പി. വി.അജിത്തിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് എ.സി.പി.യും സംഘവും ഷാഡോ പോലീസും നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്.
മോഷണം നടന്ന വീട്ടില്‍ നാലുമണിക്കൂറോളം പരിശോധിച്ച് വിരലടയാളങ്ങള്‍ ശേഖരിച്ചിരുന്നു. സംഭവസ്ഥലത്തു നിന്ന് ലഭിച്ച വിരലടയാളം പ്രതിയുടേതാണെന്ന് തിരിച്ചറിഞ്ഞ സിറ്റി പോലീസിലെ ഫിംഗര്‍ പ്രിന്റ് വിദഗ്ദ്ധ നല്‍കിയ റിപ്പോര്‍ട്ടാണ് കേസില്‍ നിര്‍ണായകമായത്. ഷെഫീഖ് നേരത്തെ ഫോര്‍ട്ട് സ്റ്റേഷനിലെ നരഹത്യാ കേസിലും വലിയതുറയില്‍ ബലാത്സംഗകേസിലും വഞ്ചിയൂര്‍ സ്റ്റേഷനില്‍ മോഷണക്കേസിലും പ്രതിയാണ്.