മണിപ്പാലില്‍ നിന്നും പത്തനംതിട്ടയിലേക്ക് പോവുകയായിരുന്ന കല്ലട ബസ്സും എതിര്‍ദിശയില്‍ വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.അപകടത്തില്‍ 24 പേര്‍ക്ക് പരുക്കേറ്റു.
അര്‍ദ്ധരാത്രി പന്ത്രണ്ടരയോട് കൂടിയാണ് അപകടമുണ്ടായത്. കണ്ണൂരിനും തലശ്ശേരിക്കും ഇടയില്‍ തോട്ടായിലായിരുന്നു അപകടം. മത്സ്യം കയറ്റി വരികയായിരുന്ന മിനി ലോറിയുമായി കൂട്ടിയിടിച്ച് കല്ലടയുടെ സ്ലീപ്പര്‍ ബസ് മറിയുകയായിരുന്നു. ബസ് യാത്രക്കാരനായ അഹമ്മദ് സാബിക്ക് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. പരുക്കേറ്റവരെ നാട്ടുകാരും പൊലീസും ചേര്‍ന്ന് കണ്ണൂര്‍ ചാലയിലെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇതിൽ രണ്ടു പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.
അപകടത്തിന് കാരണമായത് കല്ലട ട്രാവല്‍സിന്റെ അമിത വേഗതയെന്നാണ് പോലീസ് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.ബസ്സിന്റെ ടയര്‍ തേഞ്ഞുപോയ അവസ്ഥയിലായിരുന്നുവെന്ന് സംഭവസ്ഥലത്തുള്ളവര്‍ പറഞ്ഞു. പോലീസ്, അഗ്‌നിരക്ഷാസേന, നാട്ടുകാര്‍ എന്നിവരുടെ ശ്രമഫലമായാണ് രക്ഷാപ്രവര്‍ത്തനം വേഗത്തിലായത്.
ബസ്സില്‍ 27 പേരാണ് ഉണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു. ബസ് മറിഞ്ഞപ്പോള്‍ അതിനടിയില്‍പ്പെട്ട് ഒരാള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. തല വേര്‍പെട്ട നിലയിലായിരുന്നു മൃതദേഹം.മറ്റ് യാത്രക്കാരെ മുന്‍വശത്തെ ചില്ല് തകര്‍ത്താണ് പുറത്തെടുത്തത്.