ന്യൂഡല്‍ഹി: ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരായ ഹര്‍ജികളില്‍ ഓഗസ്റ്റ് 2 മുതല്‍ വാദം കേള്‍ക്കുമെന്നു സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച്. തിങ്കളും വെള്ളിയും ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും വിഷയത്തില്‍ കോടതി വാദം കേള്‍ക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, സഞ്ജീവ് ഖന്ന, ബി.ആര്‍.ഗവായ്, സൂര്യകാന്ത് എന്നിവരാണു ബെഞ്ചിലുള്ളത്.
ജമ്മുകശ്മീരിലെ നിലവില്‍ അവസ്ഥകള്‍ വ്യക്തമാക്കിയുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ സത്യവാങ്മൂലം പരിഗണിക്കില്ലെന്നു വാദത്തിനിടെ സുപ്രീംകോടതി വ്യക്തമാക്കി. തിങ്കളാഴ്ചയാണു കേന്ദ്രം പുതിയ സത്യവാങ്മൂലം കോടതിയില്‍ ഫയല്‍ ചെയ്തത്. ആര്‍ട്ടിക്കള്‍ 370 എടുത്തുകളഞ്ഞതോടെ മേഖലയില്‍ വലിയ പുരോഗതിയുണ്ടായെന്നായിരുന്നു കേന്ദ്രം സത്യവാങ്മൂലത്തില്‍ പറഞ്ഞത്.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ 23 ഹര്‍ജികളാണു കോടതിയിലെത്തിയത്. ഐഎഎസ് ഓഫിസര്‍ ഷാ ഫൈസല്‍, മനുഷ്യാവകാശ പ്രവര്‍ത്തക ഷെഹ്ല റഷീദ് എന്നിവര്‍ തങ്ങളുടെ ഹര്‍ജികള്‍ പിന്‍വലിച്ചിരുന്നു. തുടര്‍ന്നു ഹര്‍ജിക്കാരുടെ ലിസ്റ്റില്‍ നിന്നും ഇരുവരുടെയും പേരുകള്‍ കോടതി നീക്കം ചെയ്തു.
2019 ഓഗസ്റ്റ് അഞ്ചിനാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ഭരണഘടനയിലെ 370 ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനു പ്രത്യേക പദവി നല്‍കുന്നതും ജമ്മുകശ്മീര്‍, ലഡാക്ക് മേഖലകളിലെ സ്ഥിര താമസക്കാര്‍ക്ക് 35എ വകുപ്പു പ്രകാരം പ്രത്യേക അവകാശം നല്‍കുന്നതും റദ്ദാക്കിയത്. ഒക്ടോബര്‍ 31നു ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ പുതിയ കേന്ദ്രഭരണ പ്രദേശങ്ങള്‍ രൂപപ്പെട്ടു. ജമ്മു കശ്മീരില്‍ അധികാര പദവി ഗവര്‍ണറില്‍നിന്നു ലഫ്. ഗവര്‍ണറിലേക്കു മാറി. ലഡാക്ക് കേന്ദ്രത്തിന്റെ നേരിട്ടുള്ള ഭരണത്തിലായി.