പാലക്കാട്: വടക്കഞ്ചേരിയില്‍ മോഷ്ടിച്ച സ്‌കൂട്ടറിലെത്തി വയോധികയുടെ മാല പൊട്ടിച്ചു. ദേശീയപാതയില്‍ പന്നിയങ്കരയ്ക്കു സമീപം തിങ്കളാഴ്ചരാവിലെ 7.40-നാണ് സംഭവം. പന്നിയങ്കര കാഞ്ഞിരക്കുളം വെള്ളക്കുട്ടിയുടെ (80) രണ്ടുപവന്റെ മാലയാണ് പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചെടുത്തശേഷം സ്‌കൂട്ടര്‍ വാമലയിലേക്കുള്ള വഴിയിലേക്ക് തിരിയുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു.
സ്‌കൂട്ടര്‍ കടന്നുപോയതിനുപിന്നാലെ വെള്ളക്കുട്ടി ബഹളംവെച്ച് ഓടുന്നതുകണ്ട് നാട്ടുകാര്‍ എത്തിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു. പന്നിയങ്കരയിലെ വീട്ടില്‍ ജോലിക്കായി ദേശീയപാതയിലെ സര്‍വീസ് റോഡ് വഴി നടന്നുവരികയായിരുന്നു വെള്ളക്കുട്ടി. പിന്നാലെ സ്‌കൂട്ടറിലെത്തിയ ആള്‍ മാല പൊട്ടിച്ചെടുക്കുകയായിരുന്നെന്ന് വടക്കഞ്ചേരി പോലീസ് പറഞ്ഞു. മാല പൊട്ടിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ ചെറിയകഷണം പൊട്ടി വെള്ളക്കുട്ടിയുടെ കൈയില്‍ കിട്ടി. സി.സി.ടി.വി. ദൃശ്യങ്ങളില്‍നിന്ന് ലഭിച്ച നമ്പര്‍ കേന്ദ്രീകരിച്ച് വടക്കഞ്ചേരി പോലീസ് നടത്തിയ അന്വേഷണത്തിലാണ് സ്‌കൂട്ടര്‍ മോഷ്ടിച്ചതാണെന്ന് കണ്ടെത്തിയത്.
തിങ്കളാഴ്ച പുലര്‍ച്ചെ തൃശ്ശൂര്‍ ആളൂര്‍ സ്വദേശിയായ വര്‍ഗീസിന്റെ വീട്ടില്‍നിന്നാണ് സ്‌കൂട്ടര്‍ കവര്‍ന്നത്. ഇവര്‍ പരാതി നല്‍കാനൊരുങ്ങുന്നതിനിടെ വടക്കഞ്ചേരി പോലീസും വര്‍ഗീസിന്റെ വീട്ടിലെത്തി. സ്‌കൂട്ടര്‍ മോഷണത്തിന് കേസെടുത്ത് ആളൂര്‍ പോലീസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.