ശക്തമായ മഴ തുടങ്ങിയതോടെ സംസ്ഥാനത്ത് പനി കേസുകൾ കുത്തനെ കൂടിയ സാഹചര്യമാണ് നിലവിലുള്ളത്. രാജ്യത്ത് പലയിടങ്ങിലും മഴ കനത്ത നാശനഷ്ടങ്ങൾ വിതയ്ക്കുമ്പോൾ ഈ അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്ത് മഴയ്ക്ക് ചെറിയൊരു ശമനം നേരിടുന്നുണ്ട്. എങ്കിലും പനി കേസുകളിലോ പകർച്ചവ്യാധികളിലോ കുറവ് വന്നിട്ടില്ല. മഴക്കാലമാകുമ്പോൾ പൊതുവെ തന്നെ പനി, ജലദോഷം, ചുമ പോലുള്ള അണുബാധകൾ വൈറൽ പനി, ബാക്ടീരിയൽ ബാധകൾ, ഫംഗൽ ബാധകളെല്ലാം കൂടാറുണ്ട്. നനവും ഈർപ്പവും ശുചിത്വമില്ലായ്മയുമെല്ലാം ഇവയ്ക്ക് കാരണമായി വരുന്നതാണ്.
ഇക്കൂട്ടത്തിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങളെ കുറിച്ചും നമ്മൾ മനസിലാക്കേണ്ടതുണ്ട്. പ്രത്യേകിച്ച് നിലവിലെ സാഹചര്യത്തിൽ. വെള്ളത്തിലൂടെ പകരുന്നത് എന്ന് പറയുമ്പോൾ മലിനജലം തന്നെയാണ് വില്ലനായി വരുന്നത്. മഴക്കാലത്ത് വെള്ളം സുലഭമായിരിക്കുമെങ്കിലും മലിനീകരണവും അതിന് അനുസരിച്ച് കൂടുതലായിരിക്കും. പല തരത്തിലുള്ള രോഗങ്ങൾ പരത്താൻ കഴിവുള്ള രോഗകാരികൾക്ക് വളരാനും പെറ്റുപെരുകാനുമെല്ലാം അനുകൂലമായ അന്തരീക്ഷം. വർഷത്തിൽ മറ്റൊരിക്കലും ഇത്രയും വലിയ തോതിൽ വെള്ളത്തിലൂടെ പകരുന്ന രോഗങ്ങൾ പടരില്ലെന്നതും ഓർക്കേണ്ട കാര്യമാണ്.
പ്രധാനമായും ഇത്തരത്തിൽ മലിനജലത്തിലൂടെ പകരുന്ന മൂന്ന് രോഗങ്ങളെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്.
- ടൈഫോയ്ഡ്:- ടൈഫോയ്ഡ് മഴക്കാല രോഗമായിത്തന്നെയാണ് പൊതുവിൽ കണക്കാക്കപ്പെടുന്നത്. മലിനജലം കുടിക്കുകയോ, അല്ലെങ്കിൽ ഭക്ഷണത്തിലൂടെ അകത്തെത്തുകയോ ചെയ്യുന്നത് വഴിയാണ് ടൈഫോയ്ഡ് പിടിപെടുക. സംഗതി പനി തന്നെ എന്നൊക്കെ തോന്നുമെങ്കിലും ശ്രദ്ധിച്ചില്ലെങ്കിൽ ജീവൻ നഷ്ടപ്പെടാൻ വരെ ടൈഫോയ്ഡ് കാരണമാകും. തളർച്ച, പനി, തലവേദന, വയറുവേദന, വയറിളക്കം/ മലബന്ധം, ചുമ, വിശപ്പില്ലായ്മ എന്നിവയെല്ലാമാണ് ടൈഫോയ്ഡിൻറെ പ്രധാന ലക്ഷണങ്ങൾ.
- കോളറ:- മലിനജലത്തിലൂടെ പടരുന്ന മറ്റൊരു രോഗമാണ് കോളറ. വയറിളക്കം, നിർജലീകരണം എന്നിവയാണ് കോളറയുടെ പ്രധാന വെല്ലുവിളികൾ. രോഗകാരികൾ കുടലിനെയാണ് ഇതിൽ ബാധിക്കുക. ഇതെത്തുടർന്നാണ് ശക്തമായ വയറിളക്കമുണ്ടാകുന്നത്. ഇതിന് പിന്നാലെ നിർജലീകരണവും (ശരീരത്തിലെ ജലാംശം നഷ്ടമായിപ്പോകുന്ന അവസ്ഥ). കോളറയും ശ്രദ്ധിച്ചില്ലെങ്കിൽ ജീവന് ഭീഷണിയാണ്. പ്രത്യേകിച്ച് കുട്ടികൾക്ക്.
- ഹെപ്പറ്റൈറ്റിസ് എ:- മലിനജലത്തിലൂടെ പകരുന്ന മറ്റൊരു ഗുരുതര രോഗം. ഹെപ്പറ്റൈറ്റിസ് എ, കരളിനെയാണ് ബാധിക്കുക. രോഗമുള്ളവരിൽ നിന്ന് രോഗകാരികൾ മറ്റൊരാളിലേക്ക് കടക്കാനുള്ള സാധ്യതയും ഇതിലുണ്ട്. ചെറിയ പനി, മഞ്ഞപ്പിത്തം, ഛർദ്ദി, വിശപ്പില്ലായ്മ എന്നിവയെല്ലാം ഹെപ്പറ്റൈറ്റിസ് എയുടെ ലക്ഷണങ്ങളായി വരാം.
എങ്ങനെ പ്രതിരോധിക്കാം?
മലിനജലത്തിലൂടെ പകരുന്ന രോഗങ്ങളെ പ്രതിരോധിക്കാൻ സ്വാഭാവികമായും ശുചിത്വം ഉറപ്പുവരുത്തലാണ് ആദ്യം ചെയ്യാനാവുക. ഇടവിട്ട് കൈകൾ വൃത്തിയായി കഴുകുക, കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ഇറങ്ങാതിരിക്കുക, വീടും പരിസരവും വെള്ളക്കെട്ടിൽ നിന്ന് മുക്തമാക്കുക, കുടിക്കുന്ന വെള്ളത്തിൻറെ ശുദ്ധി ഉറപ്പാക്കുക, കഴിവതും പുറത്തുനിന്ന് ഭക്ഷണം കഴിക്കാതിരിക്കുക, ഭക്ഷണം സൂക്ഷിക്കുമ്പോഴും വൃത്തിയായി സൂക്ഷിക്കുക- ഇത്തരം കാര്യങ്ങളെല്ലാം ശ്രദ്ധിക്കാവുന്നതാണ്.