തൃശൂർ:ഒല്ലൂരിലെ മാംസ വിൽപ്പന കേന്ദ്രത്തില്‍ ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും നടത്തിയ റെയ്ഡില്‍ പിടികൂടിയത് 90 കിലോ പഴകിയ ഇറച്ചി.
തമിഴ്‌നാട്ടില്‍ നിന്നെത്തിച്ച ഇറച്ചിയായിരുന്നു ഇത്.കാക്കനാട് റീജ്യണല്‍ ലാബില്‍ നിന്നുള്ള പരിശോധനാഫലത്തിലാണ് ഇറച്ചി ഉപയോഗിക്കാൻ പറ്റാത്തവിധം ചീഞ്ഞളിഞ്ഞെന്ന് വ്യക്തമായത്. വ്യത്യസ്ത മൃഗങ്ങളുടെ പഴകിയ മാംസം കൂടിക്കലര്‍ന്ന രീതിയിലുള്ള സൂനാമി ഇറച്ചിയെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
മധുരയില്‍ നിന്ന് ട്രെയിനില്‍ തൃശൂരിലെത്തിക്കുന്ന ഇറച്ചി കുറഞ്ഞവിലയ്ക്ക് ഹോട്ടലുകള്‍ക്കും തട്ടുകടകള്‍ക്കും വില്‍ക്കും.ഒല്ലൂരിലെ സ്ഥാപനത്തിന്റെ മുൻവശത്തെ ഷട്ടര്‍ തുറക്കാതെയായിരുന്നു പ്രവര്‍ത്തനം. സ്ഥാപനത്തിനെതിരെ കേസെടുത്തിട്ടുണ്ട്. കാക്കനാട് റീജ്യണല്‍ ലാബില്‍ നിന്ന് ലഭിച്ച പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
തൃശൂര്‍ റെയില്‍വേസ്റ്റേഷനില്‍ രാത്രി എത്തിയ ഇറച്ചി പത്തുമണിക്കൂറോളം കിടന്നാണ് ഒല്ലൂരിലെത്തുന്നത്.പ്രഥമദൃഷ്ട്യാ തന്നെ ഉപയോഗിക്കാൻ കഴിയാത്തതായിരുന്നു.തുടർന്നായി രുന്നു കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും നേതൃത്വത്തിൽ സംയുക്ത പരിശോധന.
ബേക്കറി ഉല്പന്നങ്ങളായ ഷവര്‍മ, ചിക്കൻ റോ, പഫ്‌സ്, കട്‌ലെറ്റ് തുടങ്ങിയവ നിര്‍മ്മിക്കാനായാണ് ഇത്തരം സുനാമി ഇറച്ചി കൂടുതലായി ഉപയോഗിക്കുന്നത്.തട്ടുകടകളിലും ഹോട്ടലുകളിലും വിവിധ പേരുകളിൽ ആളുകൾക്ക് മുന്നിൽ എത്തുന്നതും ഇതുതന്നെ. പറയുന്ന സമയത്ത് ഇറച്ചിയെത്തിച്ച് നല്‍കാൻ കേരളത്തില്‍ ഏജന്റുമാരും ഇടനിലക്കാരുമുണ്ട്. ശീതീകരണ സംവിധാനമില്ലാത്ത തെര്‍മോക്കോള്‍ ബോക്‌സുകളിലാണ് കേരളത്തിലേക്ക് ഇറച്ചി കടത്തുന്നത്. പഴകിയ മാംസത്തില്‍ രൂപപ്പെടുന്ന ഇകോളി, സാല്‍മോണെല്ല, സ്റ്റഫൈലോ കോക്കസ് തുടങ്ങിയ ബാക്ടീരിയകള്‍ അപകടകാരികളാണ്.