KeralaNEWS

തിരുവല്ലയിലൂടെ കൂകിപ്പായുന്ന രാത്രി വണ്ടികള്‍

തിരുവല്ലയിൽ രാത്രികാല ട്രെയിനുകളുടെ  സ്റ്റോപ്പ് പുനഃസ്ഥാപിക്കുമെന്ന റെയില്‍വേയുടെ ഉറപ്പ് ഇത്തവണയും നടപ്പായില്ല.
മലബാര്‍ മേഖലയില്‍നിന്നുള്ള മൂന്നു ട്രെയിനുകള്‍ക്കു കോവിഡ് കാലത്തു നിര്‍ത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്ന തിരുവല്ലയുടെ ആവശ്യമാണ് ഇത്തവണയും നടപ്പാകാതെ പോയത്. ഇതില്‍ രണ്ട് ട്രെയിനുകളുടെ സ്റ്റോപ്പ് ചങ്ങനാശേരിയിലും മാവേലിക്കരയിലും പുനഃസ്ഥാപിച്ചു നല്‍കുകയും ചെയ്തു. പത്തനംതിട്ട ജില്ലയിലെ ഏക റെയില്‍വേ സ്റ്റേഷന്‍ എന്ന പരിഗണന പോലും റെയില്‍വേ തിരുവല്ലയോടു കാട്ടിയിട്ടില്ല.
മംഗലാപുരം – തിരുവനന്തപുരം എക്‌സ്പ്രസ് (16348), മധുര – പാലക്കാട് – തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344), നിലന്പൂര്‍ റോഡ് – കൊച്ചുവേളി, രാജ്യറാണി എക്‌സ്പ്രസ് (16350) എന്നീ ട്രെയിനുകളുടെ സ്റ്റോപ്പുകളാണ് കോവിഡ്കാലത്ത് എടുത്തു മാറ്റിയത്. ഇതില്‍ രാജ്യറാണി എക്‌സ്പ്രസിന്‍റേത് ഇടയ്ക്കു പുനഃസ്ഥാപിച്ചു നല്‍കിയെങ്കിലും പിന്നീടു പിന്‍വലിച്ചു. മൂന്നു ട്രെയിനുകളും വടക്കോട്ടുള്ള യാത്രയില്‍ തിരുവല്ലയില്‍ നിര്‍ത്തുന്നവയുമാണ്.

മടക്കയാത്ര രാത്രികാലത്തായതിനാല്‍ വേഗം കൂട്ടാനുള്ള നടപടികളുടെ ഭാഗമായാണ് സ്റ്റോപ്പുകള്‍ കുറച്ചതെന്നു പറയുന്നു. ഇതില്‍ അമൃത, രാജ്യറാണി എക്‌സ്പ്രസുകളുടെ ചങ്ങനാശേരി സ്റ്റോപ്പും രാജ്യറാണി എക്‌സ്പ്രസിന്‍റെ മാവേലിക്കര സ്റ്റോപ്പും പുനഃസ്ഥാപിച്ചുകൊണ്ടുള്ള തീരുമാനം കഴിഞ്ഞ ദിവസം ഉണ്ടായി. ഇതനുസരിച്ച്‌ ഇന്നലെ മുതല്‍ അവിടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്റ്റോപ്പ് പുനഃസ്ഥാപിച്ചിട്ടുണ്ട്.

വടക്കോട്ടു പോകുന്ന ട്രെയിനുകള്‍ മടക്കയാത്രയില്‍ തിരുവല്ലയില്‍ നിര്‍ത്തില്ലെന്ന് അറിയാതെ ഇപ്പോഴും വെട്ടിലാകുന്ന യാത്രക്കാരുണ്ട്. ജനറല്‍ ടിക്കറ്റെടുത്ത് വരുന്നവര്‍ പലരും ചെങ്ങന്നൂരില്‍ പോയി ഇറങ്ങുകയാണ് പതിവ്. മലബാര്‍ മേഖലയില്‍നിന്നുള്ള നിരവധിയാളുകള്‍ ആശ്രയിച്ചുവന്നിരുന്ന ട്രെയിനുകളാണിവ.

Back to top button
error: