KeralaNEWS

പിരായിരിയില്‍ ബി.ജെ.പി. പിന്തുണയോടെ പ്രസിഡന്റ് സ്ഥാനം; ഇന്നു രാജിയെന്ന് സി.പി.എം.

പാലക്കാട്: പിരായിരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. പിന്തുണയോടെ എല്‍.ഡി.എഫ്. വിജയം നേടിയപ്പോള്‍ ഭരണകക്ഷിയായ യു.ഡി.എഫിന് സ്ഥാനനഷ്ടം. ആകെ 21 അംഗങ്ങളുള്ള പഞ്ചായത്തില്‍ എല്‍.ഡി.എഫിന് എട്ടുവോട്ടാണുള്ളത് (സി.പി.എം.-7, ജനതാദള്‍-1). മൂന്ന് ബി.ജെ.പി. അംഗങ്ങളുടെ പിന്തുണയോടെ 11 വോട്ടുനേടിയാണ് ജനതാദള്‍-എസ്. അംഗമായ സുഹറ ബഷീര്‍ വിജയിച്ചത്.

കോണ്‍ഗ്രസിന്റെ ആറുവോട്ടും ലീഗിന്റെ നാലുവോട്ടും ഉള്‍പ്പെടെ മുസ്ലിം ലീഗിലെ ഷെറീന ബഷീര്‍ പത്തുവോട്ട് നേടിയെങ്കിലും യു.ഡി.എഫിന് പ്രസിഡന്റ്സ്ഥാനം നഷ്ടപ്പെട്ടു. ഉച്ചയോടെ സുഹറ ബഷീര്‍ സത്യപ്രതിജ്ഞചെയ്ത് പ്രസിഡന്റായി സ്ഥാനമേറ്റു. പിന്നീടുനടന്ന വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍നിന്ന് ബി.ജെ.പി. വിട്ടുനിന്നതോടെ യു.ഡി.എഫ്. വിജയം നേടി. എല്‍.ഡി.എഫ്. അംഗത്തിന് വോട്ടുചെയ്തതിന് മൂന്ന് പഞ്ചായത്തംഗങ്ങളെ ബി.ജെ.പി. ജില്ലാകമ്മിറ്റി സസ്‌പെന്‍ഡുചെയ്തു.

Signature-ad

പ്രസിഡന്റ് സ്ഥാനം രണ്ടരവര്‍ഷം കോണ്‍ഗ്രസിനും രണ്ടരവര്‍ഷം മുസ്ലിം ലീഗിനുമെന്ന ധാരണപ്രകാരമാണ് ഭരണസമിതി അധികാരത്തിലേറിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രസിഡന്റ് സി. സുമതി, വൈസ്പ്രസിഡന്റ് എച്ച്. ഷമീര്‍ എന്നിവര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറിയത്.

തങ്ങളുടെ വാര്‍ഡുകളിലേക്കുള്ള ഫണ്ടുകള്‍ വെട്ടിക്കുറയ്ക്കുന്ന സമീപനമാണ് യു.ഡി.എഫ്. ഭരണസമിതി നടത്തുന്നതെന്നും അതിനാലാണ് ജനതാദള്‍ അംഗത്തിന് വോട്ടുനല്‍കിയതെന്നും ബി.ജെ.പി. അംഗങ്ങള്‍ പറഞ്ഞു. ബി.ജെ.പി.-എല്‍.ഡി.എഫ്. പരസ്യ കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് യു.ഡി.എഫ്. അംഗങ്ങള്‍ പഞ്ചായത്തിനുമുന്നില്‍ പ്രകടനം നടത്തി. വൈസ്പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അംഗങ്ങള്‍ വിട്ടുനിന്നതോടെ 10 വോട്ടുനേടി രണ്ടാം വാര്‍ഡംഗമായ സാദിക്ക് ബാഷ വിജയിച്ചു.

അതേസമയം, പിരായിരി പഞ്ചായത്തില്‍ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജനതാദള്‍-എസ്. അംഗം സുഹറ ബഷീര്‍ ഇന്നു രാജിവെക്കുമെന്ന് സി.പി.എം. പാലക്കാട് ഏരിയാകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു. ബി.ജെ.പി.യുടെയും എസ്.ഡി.പി.ഐ.യുടെയും പിന്തുണയോടെ ഒരിടത്തും ഭരണം നടത്തില്ലെന്നതാണ് എല്‍.ഡി.എഫ്. നയം. പിരായിരി പഞ്ചായത്തിലും ഇതുതന്നെ നിലപാടെന്ന് ഏരിയാസെക്രട്ടറി കെ. കൃഷ്ണന്‍കുട്ടി പ്രസ്താവനയില്‍ പറഞ്ഞു.

 

 

Back to top button
error: