ചെന്നൈ: തമിഴ്നാട് ഡിഐജിയുടെ മരണത്തില്‍ ഗണ്മാന് രവിചന്ദ്രന്റെ നിര്‍ണായക മൊഴി പുറത്ത്. ഉറക്കക്കുറവിന് ജനുവരി മുതല്‍ വിജയഭാസ്കര്‍ മരുന്ന് കഴിച്ചിരുന്നതായി രവിചന്ദ്രന്റെ മൊഴിയില്‍ പറയുന്നു. പ്രഭാതനടത്തതിന് ശേഷം വന്നപ്പോള്‍ തന്നോട് തോക്ക് ആവശ്യപ്പെട്ടിരുന്നു. ഉപയോഗിക്കേണ്ടത് എങ്ങനെയെന്ന് ചോദിച്ചിട്ട് മുറിയിലേക്ക് പോയി. വെടിയൊച്ചയുടെ ശബ്ദം കേട്ടാണ് മുറിയിലേക്ക് പോയതെന്നും മൊഴിയില്‍ പറയുന്നു.
അതേസമയം, പിസ്റ്റളും ബുള്ളറ്റുകളും ഇന്നലെ തന്നെ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ട്. പൂര്‍ണ്ണമായും മാനസിക സംഘര്‍ഷം മൂലം ജീവനൊടുക്കുകയായിരുന്നു രവിചന്ദ്രനെന്നാണ് പോലീസ് വൃത്തങ്ങളില്‍ നിന്നും നല്കുന്ന വിവരം. മറ്റു തരത്തിലുള്ള സമ്മര്‍ദ്ദങ്ങളും ഉണ്ടായിരുന്നില്ല. മൂന്ന് നാലു ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ല. കനത്ത മാനസിക സംഘര്‍ഷങ്ങള്‍ അനുഭവപ്പെടുന്നു എന്ന് ഭാര്യയോടും ഡോക്ടറോടും പറഞ്ഞപ്പോള്‍ ഭാര്യ ചെന്നെയില്‍ നിന്നെത്തിയിരുന്നതായും അടുത്ത വൃത്തങ്ങളില്‍ നിന്നറിയുന്നു. മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അണ്ണാഡിഎംകെയും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ സംഭവം രാഷ്ട്രീയ വല്ക്കരിക്കാന് ശ്രമിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും വ്യക്തിപരമായ സംഘര്‍ഷമാണ് മരണത്തിന് കാരണമെന്നും പോലീസ് പറയുന്നു.
ഇന്നലെയാണ് കോയമ്പത്തൂര്‍ റേഞ്ച് ഡിഐജി സി. വിജയകുമാര്‍ ഔദ്യോഗിക വസതിയില്‍ ആത്മഹത്യ ചെയ്തത്. പ്രഭാതനടത്തത്തിന് ശേഷം ആറേമുക്കാലോടെ റേസ് കോഴ്സിലെ ഔദ്യോഗിക വസതിയില്‍ തിരിച്ചെത്തിയ സി. വിജയകുമാര്‍, സുരക്ഷാ ജീവനക്കാരനോട് സര്‍വീസ് തോക്ക് ചോദിച്ചുവാങ്ങി പിന്നാലെ സ്വയം നിറയൊഴിക്കുകയായിരുന്നു. ശബ്ദം കേട്ട് മറ്റ് പൊലീസുകാര്‍ ഓടിയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രി സഹപ്രവര്‍ത്തകന്റെ മകളുടെ ജന്മദിനാഘോഷത്തില് പങ്കെടുത്ത വിജയകുമാര്‍ രണ്ട് മൂന്ന് ദിവസമായി ഉറങ്ങാന്‍ കഴിയുന്നില്ലെന്ന് സുഹൃത്തുക്കളോട് പറഞ്ഞിരുന്നു. വിജയകുമാര്‍ വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്.
2009 ബാച്ചിലെ ഉദ്യോഗസ്ഥനായ വിജയകുമാര്‍ ജനുവരിയിലാണ് കോയമ്പത്തൂര്‍ റേഞ്ച് ഡിഐജിയായി ചുമതലയേറ്റെടുത്തത്. കോളിളക്കമുണ്ടാക്കിയ പല കേസുകളുടെയും അന്വേഷണത്തിന് നേതൃത്വം വഹിച്ച ഉദ്യോഗസ്ഥനാണ് വിജയകുമാര്‍.