പത്തനംതിട്ട: സംസ്ഥാനത്ത് ഇത്തവണ ഏറ്റവും കൂടുതൽ വേനൽമഴ ലഭിച്ച പത്തനംതിട്ടയിൽ തന്നെയാണ് കാലവർഷവും തിമിർത്തു പെയ്തിരിക്കുന്നത്.
മഴക്കാലം തുടങ്ങിയ ജൂണ്‍ ഒന്നു മുതല്‍ ചൊവ്വാഴ്ച രാവിലെ എട്ടുമണിവരെയുളള ഐഎംഡിയുടെ കണക്കനുസരിച്ച് ഏറ്റവും മഴക്കുറവ് വയനാട്ടിലാണ്-77%. തൊട്ടടുത്ത് കോഴിക്കോട് ജില്ല- 70%. പത്തനംതിട്ടയിലാണ് കൂടുതല്‍ മഴ പെയ്തത്.
എല്ലായിടത്തും പൊതുവായി നല്ല മഴ ലഭിക്കുന്നുവെന്നാണ് നിരീക്ഷണമെങ്കിലും പ്രധാന മലയോര ജില്ലകളായ ഇടുക്കിയിലും വയനാട്ടിലും നിലവില്‍ വേണ്ടത്ര പെയ്തില്ലെന്നാണ് റിപ്പോര്‍ട്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകള്‍ ഉള്‍പ്പെടുന്ന മധ്യമേഖലയിലാണ് ഇതുവരെ കൂടുതല്‍ പെയ്തത്.
മൂന്നും നാലും തീയതികളില്‍ കൂടുതല്‍ മഴ കിട്ടിയത് കാസര്‍കോട് ജില്ലയിലെ കുടുലുവിലാണ് – 144 മില്ലിമീറ്റര്‍. ചേര്‍ത്തലയില്‍ -155, കോട്ടയത്ത് -133 മില്ലീമീറ്ററും ലഭിച്ചു. ചൊവ്വാഴ്ച 12 മണിവരെ പീരുമേട് കാലാവസ്ഥാ സ്റ്റേഷനില്‍ രേഖപ്പെടുത്തിയത് 130 മില്ലീമീറ്റര്‍ മഴയാണ്. പാലക്കാട് കൂടുതല്‍ മഴ ലഭിച്ചത് തൃത്താലയിലാണ് – 48.2 മില്ലീമീറ്റര്‍. കാഞ്ഞിരപ്പള്ളി, റാന്നി, പീരുമേട്, മേഖലയില്‍ മിക്കയിടത്തും ശരാശരി 90 മില്ലീമീറ്റര്‍ മഴപെയ്തതായാണ് കണക്ക്.
കാലവര്‍ഷപ്പാത്തിയും കേരളം മുതല്‍ ഗുജറാത്തുവരെ നീളുന്ന തീരദേശപാത്തിയും സജീവമായതോടെയാണ് മഴയും ശക്തമായത്.