കണ്ണൂർ:പിണറായി വിജയൻ മുഖ്യമന്ത്രിക്കസേരയിൽ കാലാവധി പൂര്‍ത്തിയാക്കില്ലെന്ന് ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേകര്‍ എംപി.
കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ സിപിഎം, കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് ബിജെപിയില്‍ ചേര്‍ന്നവര്‍ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്‍ഡ്യയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്താല്‍ കേരളത്തിലെ നിരവധി യുവാക്കള്‍ അവിടെയെല്ലാം ജോലി ചെയ്യുന്നതായി നമുക്ക് കാണാന്‍ കഴിയും. എന്തുകൊണ്ടാണ് അവര്‍ കേരളത്തില്‍ ജോലി ചെയ്യാത്തതെന്ന് നാം ചിന്തിക്കണം. ഇവിടെ മെച്ചപ്പെട്ട തൊഴില്‍ അവസരങ്ങളോ തൊഴില്‍ സാഹചര്യങ്ങളോ ഇല്ല. കേരളത്തില്‍ നടക്കുന്നത് കുറ്റകൃത്യങ്ങളും അഴിമതിയും മദ്യവിൽപ്പനയും ലോട്ടറിയും ലഹരിമരുന്ന് വ്യാപാരവും കള്ളക്കടത്തും മാത്രമാണ്. കിറ്റക്സ് ഉള്‍പെടെയുള്ള വ്യവസായ സംരംഭകര്‍ കേരളം വിടുന്നതും ഇടതു ഭരണത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷമില്ലാത്തതു കൊണ്ടാണെന്നും ജാവദേകര്‍ ആരോപിച്ചു.
അടുത്ത പ്രധാനമന്ത്രിയാരാണെന്ന് ചോദിച്ചാല്‍ രാഷ്ട്രീയ എതിരാളികള്‍ പോലും നരേന്ദ മോദിയുടെ പേര് പറയും. എല്ലാ വിഭാഗം ജനങ്ങളെയും ചേര്‍ത്ത് പിടിച്ച് കൊണ്ട് വിവേചനമില്ലാത്ത അഴിമതിമുക്ത ഭരണമാണ് മോദി സർക്കാർ നടപ്പാക്കുന്നത്.2019 ല്‍ രാഹുല്‍ പ്രധാനമന്ത്രിയാകുമെന്നാണ് കോണ്‍ഗ്രസ് പ്രചരിപ്പിച്ചത്. രാഹുല്‍ കേരളത്തില്‍ വന്ന് മത്സരിക്കുകയും ഇവിടെ അവര്‍ 19 സീറ്റ് നേടുകയും ചെയ്തു.പക്ഷെ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
2024 ലും മോദി തന്നെ പ്രധാനമന്ത്രിയാകുമെന്ന് ഉറപ്പാണ്. കേരളത്തില്‍ അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആറ് സീറ്റുകളല്‍ ബിജെപി വിജയിക്കുമെന്ന് ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.