മണർകാട്: പല മാർഗ്ഗങ്ങളിലൂടെ ധാരാളം അറിവ് ലഭിക്കുന്നതിനുള്ള സംവിധാനമുള്ള ലോകത്ത് നന്മ ഏത് ശരി ഏതെന്നുള്ള തിരിച്ചറിവിലേക്ക് നാം മാറണം, അതായത് അറിവിൽ നിന്ന് തിരിച്ചറിവിലേക്ക് നാം മാറ്റപ്പെടണമെന്ന് മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ്. മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രൽ അങ്കണത്തിൽ എം.ജെഎസ്.എസ്.എ. മണർകാട് ഡിസ്ട്രിക്ട് പൊതുവാർഷികം ഉദ്‌ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കത്തീഡ്രൽ സഹവികാരി ആൻഡ്രൂസ് ചിരവത്തറ കോർ എപ്പിസ്കോപ്പയുടെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് അദ്ധ്യാപക ഡയറക്ടറിയുടെ പ്രകാശനം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ മനോജ് പി.വിക്ക് നൽകി കൊണ്ട് മെത്രാപ്പോലീത്ത നിർവ്വഹിച്ചു. എം.ജെ.എസ്.എസ്.എ. കോട്ടയം ഭദ്രാസന ഡയറക്ടർ അവിനേഷ് തണ്ടാശ്ശേരിൽ അനുമോദന പ്രസംഗം നടത്തി. ഫാ.മാത്യു എം. ബാബു വടക്കേപ്പറമ്പിൽ, ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ, ഫാ.കെ.എം. ജോർജ് കുന്നേൽ, കത്തീഡ്രൽ ട്രസ്റ്റി ബിനോയ് ഏബ്രഹാം, സെക്രട്ടറി രഞ്ജിത്ത് കെ. ഏബ്രഹം, സണ്ടേസ്കൂൾ പ്രതിനിധി സാബു ടി.കെ. എന്നിവർ പ്രസംഗിച്ചു.
എം.ജെ.എസ്.എസ്.എ. ശതാബ്ദി സമാപന സമ്മേളനത്തിൽ ആദരം ഏറ്റുവാങ്ങിയ ഡിസ്ട്രിക്ടിലെ അംഗങ്ങൾ, സൺഡേസ്കൂൾ അദ്ധ്യാപന രംഗത്ത് 50 വർഷം പൂർത്തിയാക്കി ‘ശുരുശ്രേഷ്ഠ’ അവാർഡ് നേടിയ മാത്യു പി ജോൺ പാണാപറമ്പിൽ, തോമസ് ഏബ്രഹാം തണ്ടാശ്ശേരിൽ, ഡോക്ടറേറ്റ് നേടിയ സെൻട്രൽ സൺഡേസ്കൂൾ അദ്ധ്യാപികയായ ബിനില കെ. കോര, എസ്.എസ്.എൽ.സി, +2 പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ സൺഡേ സ്കൂൾ വിദ്യാർത്ഥികൾ എന്നിവരെ ആദരിച്ചു. കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും നടത്തി.