ഇടുക്കി: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എംബിബിഎസ് പഠനത്തിന് പ്രവേശനം ലഭിച്ചെന്ന് പറഞ്ഞ് തട്ടിപ്പ്. മൂന്നാര്‍ സ്വദേശിയായ പെണ്‍കുട്ടിയേയാണ് ആറ് മാസത്തോളം തട്ടിപ്പിന് ഇരയാക്കിയത്. വ്യാജ ഇമെയില്‍ സന്ദേശത്തിലൂടെയാണ് പ്രവേശനം ലഭിച്ചു എന്നറിയിച്ചത്. തുടര്‍ന്ന് ഓണ്‍ലൈന്‍ ക്ലാസ് നടത്തുകയും ചെയ്തിരുന്നു. മെഡിക്കല്‍ കോളജില്‍ നേരിട്ടുപോയപ്പോഴാണ് തട്ടിപ്പ് പുറത്തുവന്നത്.
മൂന്നാറിലെ സ്വകാര്യ സ്കൂളില്‍ നിന്ന് പ്ലസ്ടുവിന് ഉന്നതവിജയം നേടിയ പെണ്‍കുട്ടി 2022 ലെ നീറ്റ് പരീക്ഷയിലും ഉയര്‍ന്ന മാര്‍ക്ക് നേടിയിരുന്നു. സംവരണവിഭാഗത്തില്‍പെട്ട കുട്ടി വിവിധ മെഡിക്കല്‍ കോളജുകളില്‍ അപേക്ഷ നല്കി. പ്രവേശന നടപടികള്‍ പൂര്‍ത്തിയായി സീറ്റ് ലഭിച്ചതായി തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ പേരില്‍ പെണ്‍കുട്ടിക്ക് ഇമെയില്‍ സന്ദേശം ലഭിച്ചു. 25,000 രൂപ ഫീസായി അടയ്ക്കണമെന്ന് ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 10,000 രൂപ ഗൂഗിള്‍ പേ വഴി അടച്ചു.
2022 നവംബറിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിക്കുന്നത്. 2 സ്ത്രീകളും ഒരു പുരുഷനുമായിരുന്നു ക്ലാസുകളെടുത്തിരുന്നത്. കോളജില്‍ വരാന്‍ നിര്‍ദേശിച്ച് 3 പ്രാവശ്യം ഇമെയില്‍ വന്നെങ്കിലും പിന്നീടു വരേണ്ട എന്ന സന്ദേശം ലഭിച്ചതിനാല്‍ യാത്ര മാറ്റിവച്ചു. എന്നാല്‍, ജൂണ്‍ 24നു മെഡിക്കല്‍ കോളജില്‍ നേരിട്ടു ഹാജരാകാനാവശ്യപ്പെട്ടു വീണ്ടും സന്ദേശം ലഭിച്ചു. പോകാന്‍ ഒരുങ്ങുന്നതിനിടയില്‍ വരേണ്ട എന്ന സന്ദേശം മറ്റൊരു മെയില്‍ ഐഡിയില്‍ നിന്നു ലഭിച്ചതോടെ കുട്ടിക്കും മാതാപിതാക്കള്‍ക്കും സംശയമായി. കോളജിലെത്തി പ്രിന്‍സിപ്പലിനെ കണ്ടപ്പോഴാണു തട്ടിപ്പു തിരിച്ചറിയുന്നത്.
മെഡിക്കല്‍ കോളജിലെ അതേ ക്ലാസുകളാണ് ഓണ്‍ലൈനായി പെണ്‍കുട്ടി ആറുമാസം പഠിച്ചതെന്നു പ്രിന്‍സിപ്പല്‍ അറിയിച്ചതായി പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി മൂന്നാര്‍ പൊലീസില്‍ പരാതി നല്കി. ഇമെയില്‍ വിലാസം, പണം ഓണ്‍ലൈനായി കൈമാറിയ മൊബൈല്‍ നമ്പര്‍ ഉള്‍പ്പടെ കൈമാറി.