തിരുവനന്തപുരം: മൃഗശാലയില്‍ നിന്ന് ചാടിപ്പോയ ഹനുമാൻകുരങ്ങ് കാണാമറയത്ത്. പാളയം പബ്ലിക് ലൈബ്രറി വളപ്പിലെ മരത്തിലിരുന്ന ഹനുമാൻ കുരങ്ങിനെ നാലു ദിവസമായി കാണാനില്ല.രണ്ടു ദിവസം കൂടി നിരീക്ഷിച്ചിട്ട് കണ്ടെത്തിയില്ലെങ്കില്‍ അതിനെ അതിന്റെ വഴിക്ക് വിടാനും നിരീക്ഷണം അവസാനിപ്പിക്കാനുമാണ് തീരുമാനം.
നാട്ടുകാര്‍ കുരങ്ങിനെ കണ്ട് വിവരം അറിയിക്കുന്നതിനാലാണ് കീപ്പര്‍മാര്‍ അവിടെയെത്തി ഇപ്പോള്‍ നിരീക്ഷിക്കുന്നത്. പബ്ലിക് ലൈബ്രറി പരിസരത്തെ വലിയ മരത്തിലിരുന്ന കുരങ്ങ് ഇവിടെനിന്ന് എങ്ങോട്ട് പോയെന്ന് യാതൊരു വിവരവുമില്ല.
മൂന്ന് ആഴ്ചയോളമായി മൃഗശാല വളപ്പില്‍നിന്ന് കുരങ്ങ് ചാടിയിട്ട്. പബ്ലിക് ലൈബ്രറി വളപ്പില്‍ ഇരുന്ന കുരങ്ങിനെ താഴെയിറക്കാൻ കീപ്പര്‍മാര്‍ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല. പിന്നീടാണ് കുരങ്ങ് അപ്രത്യക്ഷമായത്.
ശക്തമായ മഴ പെയ്ത സാഹചര്യത്തില്‍ രാത്രി മറ്റെവിടെയോ കുരങ്ങ് മാറി പോയെന്നാണ് കീപ്പര്‍മാര്‍ പറയുന്നത്.തൽക്കാലം അതിനെ അതിന്റെ പാട്ടിനു വിടാനാണ് മൃഗശാല അധികൃതരുടെ തീരുമാനം.