ലഖ്‌നൗ : പ്രഭാസ് നായകനായി ഓംറൌട്ട് സംവിധാനം ചെയ്ത ആദിപുരുഷ് സിനിമയ്ക്കെതിരെ വീണ്ടും വിമര്‍ശനം നടത്തി അലഹബാദ് ഹൈക്കോടതി. ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ചാണ് സിനിമയ്ക്കെതിരായ കേസ് പരിഗണിക്കുമ്പോള്‍ ശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്. ചിത്രത്തിന്‍റെ സംവിധായകന്‍, നിര്‍മ്മാതാക്കള്‍, തിരക്കഥകൃത്ത് എന്നിവരോട് നേരിട്ട് കോടതിയില്‍ ഹാജറാകാനും കോടതി ആവശ്യപ്പെട്ടു.
ജൂലൈ 27 ന് കോടതി ഉന്നയിച്ച വിഷയങ്ങളില്‍ വ്യക്തിപരമായ സത്യവാങ്മൂലവുമായി നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകൻ ഓം റൗത്ത്, നിർമ്മാതാവ് ഭൂഷൺ കുമാർ, സംഭാഷണ രചയിതാവ് മനോജ് മുൻതാഷിർ എന്നിവരോടാണ് കോടതി നിര്‍ദേശം. അതേ സമയം തന്നെ രാമായണം പ്രചോധനമായി എടുത്ത ആദിപുരുഷ് രാമായണവുമായി എത്രത്തോളം സാമ്യമുണ്ടെന്ന് പരിശോധിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
ജസ്റ്റിസുമാരായ രാജേഷ് സിംഗ് ചൗഹാൻ, ശ്രീ പ്രകാശ് സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയില്‍ ഉത്തരവ് പുറപ്പെടുവിച്ചത്.
ദിവസങ്ങള്‍ക്ക് മുന്‍പ് കോടതി സിനിമ കണ്ടിട്ടില്ലെന്നും എന്നാൽ കണ്ടവർ സിനിമയെക്കുറിച്ച് മോശം റിവ്യൂകളാണ് നല്‍കുന്നതെന്നും. ഇതില്‍ പലരും ഭഗവാന്‍ രാമന്‍റെ ഭക്തന്മാരാണെന്നും കോടതി പറഞ്ഞിരുന്നു. രാമനും ഹനുമാനും സീതയ്ക്കും ബഹുമാനം നല്‍കുന്ന വ്യക്തികളുടെ വികാരം ചിത്രം ഹനിക്കുന്നുണ്ട് എന്നാണ് കോടതി അഭിപ്രായപ്പെട്ടത് എന്നാണ് ബാർ & ബെഞ്ച് റിപ്പോർട്ട് ചെയ്തത്.
ചിത്രത്തിലെതായി പ്രചരിച്ച ചില രംഗങ്ങളുടെ ചിത്രങ്ങള്‍ കണ്ടുവെന്നും കോടതി പറഞ്ഞു. ഇവയെല്ലാം ശരിക്കും ചിത്രത്തില്‍ ഉള്ളതാണെങ്കില്‍ നിങ്ങള്‍ എങ്ങനെ ഇതിനെ പ്രതിരോധിക്കുമെന്ന് കോടതിയില്‍ സര്‍ക്കാറിനെ പ്രതിനിധീകരിച്ച് ഹാജറായ ഡെപ്യൂട്ടി സോളിസിറ്റർ ജനറലിനോട് കോടതി ചോദിച്ചിരുന്നു.
അതേ സമയം ആദിപുരുഷ് ഓൺലൈനിൽ ചോർന്നിരിക്കുകയാണ്. ആദിപുരുഷിന്‍റെ തമിഴ് എച്ച്ഡി പതിപ്പാണ് ഓൺലൈനിൽ ചോർന്നിരിക്കുന്നത്. ഇതോടെ ചിത്രത്തിലെ പ്രധാന രംഗങ്ങള്‍ ഇപ്പോള്‍ ട്രോളുകളായി പോസ്റ്റ് ചെയ്യപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതേ സമയം ആദിപുരുഷിന്‍റെ ഒടിടി റിലീസ് ഇതുവരെ നിര്‍മ്മാതാക്കള്‍ വെളിപ്പെടുത്തിയിരുന്നില്ല.