FeatureNEWS

കടമക്കുടി എന്ന കൊച്ചിയുടെ സുന്ദരിക്കുട്ടി

വേമ്പനാട്ടു കായലിനു നടുവിലായി പ്രകൃതി ഒളിപ്പിച്ചുവച്ച രത്നമാണ് കടമക്കുടി എന്ന സുന്ദരഭൂമി. കായല്‍ഞണ്ടും ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ്.
കൊച്ചിയില്‍നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണ് കടമക്കുടി, വെറും പതിനഞ്ചു മിനിറ്റ് ഡ്രൈവ് മതി ഇവിടേക്ക്. തിരക്കും ബഹളവും നിറഞ്ഞ ഓഫിസ് ദിനങ്ങള്‍ക്കു ശേഷം കൊച്ചിക്കാര്‍ക്ക് ഒന്ന് റിലാക്സ് ചെയ്യാന്‍ കടമക്കുടിയേക്കാള്‍ മികച്ച മറ്റൊരിടമില്ല.
1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖത്തിന്‍റെ രൂപീകരണസമയത്താണ് കടമക്കുടിയും ഉണ്ടായത് എന്നുകരുതുന്നു. നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടതായതിനാല്‍ നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും വഞ്ചികളും മാത്രമേ പണ്ടുകാലത്ത് ഉണ്ടായിരുന്നുള്ളു. പിന്നീട് റോഡ്‌ സൗകര്യം വന്നതോടെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ വർധിച്ചു.
പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിവയാണവ. ഇവയില്‍ വലിയ കടമക്കുടിയാണ് പ്രധാനദ്വീപ്‌.
കടമക്കുടിയിലെ ഉദയാസ്തമയക്കാഴ്ചകള്‍ അതിമനോഹരമാണ്. വലിയ കടമക്കുടി, ചെറിയ കടമക്കുടി ദ്വീപുകളാണ് ഇതിനേറ്റവും പ്രശസ്തം. ഇവ കാണാന്‍ മാത്രമായി എത്തുന്ന സഞ്ചാരികളുണ്ട്. ഇതിനായി ഒട്ടനവധി ഏറുമാടങ്ങളും ദ്വീപുകളിലുണ്ട്. പുലര്‍കാലത്ത് കായലിലൂടെ ബോട്ടില്‍ യാത്ര നടത്താം. പൊക്കാളിപ്പാടങ്ങളിലൂടെ നടക്കാം. അന്യദേശങ്ങളില്‍നിന്നു വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെ കാണാം. മീന്‍പിടിത്തം ഇഷ്ടമുള്ളവര്‍ക്ക് അതും പരീക്ഷിക്കാം.
ഭക്ഷണപ്രേമികള്‍ തീര്‍ച്ചയായും കടമക്കുടി സന്ദര്‍ശിക്കണം. തൂവെള്ളച്ചോറില്‍ നല്ല എരിവുള്ള നാരന്‍ ചെമ്മീനും കരിമീന്‍ പൊള്ളിച്ചതും ഞണ്ട് റോസ്റ്റും പപ്പടവും കൂട്ടിയൊരു പിടിയങ്ങു പിടിക്കണം. മാത്രമല്ല, അന്നന്ന് ചെത്തിയെടുത്ത നല്ല ഫ്രഷ്‌ മധുരക്കള്ളും മോന്തിപ്പോരാം!

Back to top button
error: