KeralaNEWS

ഏക സിവില്‍ കോഡിനെതിരേ മുസ്ലിം സംഘടനകള്‍ ഒന്നിക്കണം; കാന്തപുരത്തിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുസ്ലീം ലീഗ്

മലപ്പുറം: മുസ്ലീം ലീഗുമായി ഒന്നിച്ചുപോകാന്‍ ആഗ്രഹമെന്ന കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന സ്വഗതം ചെയ്യുന്നതായി മുസ്ലീം ലീഗ്. ന്യൂനപക്ഷ സംഘടനകള്‍ ഒന്നിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മുസ്ലീം ലീഗ് എന്നും ന്യനപക്ഷ വിഭാഗങ്ങളുടെ പ്ലാറ്റ്ഫോമാണെന്നും കാന്തപുരത്തിന്റെ സഹകരണം ലീഗ് ആഗ്രഹിക്കുന്നതായും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു സാദിഖലി പറഞ്ഞു.

”ഏകസിവില്‍ കോഡ് തലയ്ക്കുമുകളില്‍ ഡെമോക്ലിസിന്റെ വാള്‍ പോലെ ചുഴറ്റിക്കൊണ്ടിരിക്കുമ്പോള്‍ മുസ്ലീം സംഘടനകളുടെ ഐക്യം കാലത്തിന്റെ അനിവാര്യമാണ്. എല്ലാവരും സൗഹൃദത്തോടെയും കൂട്ടായ്മയോടെയും മുന്നോട്ടുപോകേണ്ട ഒരു സന്ദര്‍ഭമാണിത്. ആ ഒരു സാഹചര്യത്തിലാണ് കാന്തപുരവും ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. എല്ലാം മുസ്ലീം സംഘടനകളെയും ഒരുമിച്ച് നിര്‍ത്താനുള്ള പ്ലാറ്റ്ഫോമാണ് മുസ്ലീം ലീഗ്. ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ നടത്തിയിട്ടില്ല”- സാദിഖലി പറഞ്ഞു.

Signature-ad

നേരത്തെ കാന്തപുരത്തിന്റെ നിലപാടിനെ സ്വാഗതം ചെയ്ത് മുസ്ലീം ലീഗ് നേതാവ് പികെ അബ്ദുറബ് രംഗത്തുവന്നിരുന്നു.
സമുദായത്തിനകത്തും, സമുദായങ്ങള്‍ തമ്മിലും വിള്ളലുകള്‍ വീഴാതെ കാത്തു സൂക്ഷിക്കേണ്ട ബാധ്യത മതപണ്ഡിതന്‍മാര്‍ക്കുണ്ട്. കാന്തപുരം ആ കടമ നിറവേറ്റിയിരിക്കുന്നു. സമുദായ ഐക്യത്തിന് കരുത്തും, ഊര്‍ജ്ജവും നല്‍കുന്ന കാന്തപുരം അബൂബക്കര്‍ മുസ്ല്യാരുടെ നിലപാടിനെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു. പി കെ അബ്ദുറബ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

മുസ്ലിം ലീഗുമായി ഒന്നിച്ചുപോകാനാണ് ആഗ്രഹമെന്നും സുന്നികള്‍ ഐക്യപ്പെടണമെന്ന് അതിയായി ആഗ്രഹിക്കുന്നുവെന്നും കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ അഭിപ്രായപ്പെട്ടിരുന്നു ലീഗ് അധ്യക്ഷനായി പാണക്കാട് സാദിഖലി തങ്ങള്‍ ചുമതലയേറ്റയുടനെ ലീഗ് സംഘടിപ്പിച്ച സുഹൃദ് സംഗമത്തില്‍ കാന്തപുരം പങ്കെടുത്തിരുന്നു. സമസ്ത ഇരുവിഭാഗവും ഒന്നിച്ചുപോകണം എന്നത് തന്റെ ജീവിതാഭിലാഷമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങളുമായി സംസാരിക്കാറുണ്ടെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.

Back to top button
error: