IndiaNEWS

ഉത്സവം നടക്കില്ലെന്ന ആശങ്ക; തമിഴ്നാട്ടിൽ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചു

സേലം:ഉത്സവം നടക്കില്ലെന്ന ആശങ്കയില്‍ ഏഴു സ്ത്രീകള്‍ വിഷംകഴിച്ച്‌ ആത്മഹത്യയ്ക്കു ശ്രമിച്ചു.തമിഴ്‌നാട്ടിലെ ധര്‍മപുരി ജില്ലയില്‍ വെപ്പമരത്തൂരിലാണ് സംഭവം.

വെപ്പമരത്തൂരിലെ മാരിയമ്മൻ ക്ഷേത്രത്തിലെ കുംഭാഭിഷേകം മുടങ്ങുമെന്ന ആശങ്ക കാരണമാണ് പായസത്തില്‍ വിഷംചേര്‍ത്ത് കഴിച്ചതെന്നാണ് ആത്മഹത്യയ്ക്കു ശ്രമിച്ചവര്‍ പറയുന്നത്. ഇവരെല്ലാം ഒരേ കുടുംബത്തില്‍നിന്നുള്ളവരും പ്രദേശത്തെ പ്രബല ജാതിയില്‍പ്പെട്ടവരുമാണ്.

ഇവരുടെ കുടുംബാംഗമായ സുരേഷ് വിവാഹം കഴിച്ചത് പട്ടികജാതിയില്‍പ്പെട്ട യുവതിയെയാണ്. 2010-ല്‍ ആയിരുന്നു വിവാഹം. ഗ്രാമത്തിലെ മറ്റുള്ളവര്‍ സുരേഷിന്റെ കുടുംബത്തിന് സാമൂഹികവിലക്ക് ഏര്‍പ്പെടുത്തി. മാരിയമ്മൻ കോവിലിലെ ഉത്സവത്തില്‍നിന്ന് അവരെ മാറ്റിനിര്‍ത്തുകയുംചെയ്തു. എന്നാല്‍, സുരേഷിന്റെ ഭാര്യ സുധ ജില്ലാഭരണകൂടത്തിന് പരാതി നല്‍കി. എല്ലാവരെയും പങ്കെടുപ്പിച്ചുമാത്രമേ ഉത്സവം നടത്താവൂ എന്ന് അധികൃതര്‍ ഉത്തരവിട്ടു.

Signature-ad

ഇതുകാരണം പത്തുവര്‍ഷമായി കുംഭാഭിഷേകം നടക്കുന്നില്ല.ഇത്തവണ ഉത്സവം നടത്താൻ തീരുമാനിച്ചെങ്കിലും പണപ്പിരിവില്‍നിന്ന് സുരേഷിന്റെ കുടുംബത്തെ ഒഴിവാക്കി. ഇതേത്തുടര്‍ന്ന് സുരേഷും സുധയും വീണ്ടും പരാതി നല്‍കുകയും ജില്ലാഭരണകൂടം ഇടപെടുകയുംചെയ്തു. ഇതോടെ ഇത്തവണയും ഉത്സവം മുടങ്ങുമെന്ന് അഭ്യൂഹം പരന്നു. തുടര്‍ന്നാണ് സുരേഷിന്റെ കുടുംബത്തില്‍പ്പെട്ട ഏഴുസ്ത്രീകള്‍ വിഷംകഴിച്ചത്.

Back to top button
error: