KeralaNEWS

കൈതോല പായ പണം കടത്തൽ: സിപിഎമ്മും മുഖ്യമന്ത്രിയും മൗനം വെടിയണം: കെ. ഫ്രാൻസിസ് ജോർജ്

തിരുവനന്തപുരം: ദേശാഭിമാനി പത്രാധിപസമിതിയിൽ അംഗമായിരുന്ന ശക്തിധരൻ ഉന്നയിച്ച ആരോപണത്തെക്കുറിച്ചും, ലീഡ് എന്ന ഓൺലൈൻ ന്യൂസ് പോർട്ടലിൽ വന്ന വാർത്തയെക്കുറിച്ചും നിലപാട് വ്യക്തമാക്കാൻ മുഖ്യമന്ത്രിയും സിപിഎം പാർട്ടിയും തയ്യാറാകണമെന്ന് ഫ്രാൻസിസ് ജോർജ്. രണ്ടുകോടി 35 ലക്ഷത്തോളം രൂപ പലരിൽ നിന്നായി കൈപ്പറ്റി എന്നും അത് ഇന്ന് മന്ത്രിസഭയിൽ അംഗമായിട്ടുള്ള ഒരാളുടെയും തന്റെയും അറിവോടെ ആണെന്നും ഉള്ള ശക്തിധന്റെ ആരോപണം നിസ്സാരമായി തള്ളിക്കളയാൻ ആവില്ല. കേരളത്തിലും തമിഴ്നാട്ടിലും 1500 ഏക്കർ ഭൂമി വാങ്ങിക്കൂട്ടി എന്ന് മാധ്യമപ്രവർത്തക ശ്രീമതി സന്ധ്യ രവിശങ്കറിന്റെ ആരോപണവും അതീവ ഗൗരവമുള്ളതാണ്. ഈ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളിത്തം ഉണ്ടോ ഇല്ലയോ എന്നത് വ്യക്തമാക്കാൻ സിപിഎം പാർട്ടിക്കും ആരോപണ വിധേയരായവർക്കും ഉത്തരവാദിത്തമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആരോപണങ്ങളുടെ പേരിൽ പ്രതിപക്ഷ നേതാക്കന്മാരുടെയും മാധ്യമപ്രവർത്തകരുടെയും പേരിൽ തിടുക്കത്തിൽ കേസ് എടുത്ത്, അന്വേഷണ അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്ന സർക്കാരും പോലീസും, ഈ വിഷയത്തിൽ കേസെടുത്തു അന്വേഷണം നടത്തണമെന്ന് ബെന്നി ബഹനാൻ എംപിയുടെ പരാതിയിൽ മൗനം പാലിക്കുകയും നിസ്സംഗത പ്രകടിപ്പിക്കുകയും ചെയ്യുന്നത്, കേരളത്തിൽ ഇരട്ട നീതിയും വിവേചനവും നിലനിൽക്കുന്നു എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതാണ്. സമീപകാലത്ത് ഉയർന്നു വന്നിട്ടുള്ള സിപിഎം നേതാക്കളുമായി ബന്ധപ്പെട്ട വിവിധ കുറ്റകൃത്യങ്ങളിലും ആരോപണങ്ങളിലും ഈ വിവേചനം നമുക്ക് വ്യക്തമായി കാണാൻ കഴിയും. നിഷ്പക്ഷതയും സുതാര്യതയും നീതി നിർവഹണത്തിലും നിയമവാഴ്ചയിലും ഉറപ്പാക്കാൻ, സർക്കാരും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് ഫ്രാൻസിസ് ജോർജ് ആവശ്യപ്പെട്ടു.

Back to top button
error: