LocalNEWS

വിരമിക്കുന്ന പൊലീസ് മേധാവിക്കൊപ്പം കൂട്ടയോട്ടം ബുധനാഴ്ച

തിരുവനന്തപുരം : ഈ മാസം 30 ന് സർവ്വീസിൽ നിന്നു വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവിയോടുള്ള ബഹുമാനാർഥം കൂട്ടയോട്ടം സംഘടപ്പിച്ച് കേരള പൊലീസ്. കൂട്ടയോട്ടം ബുധനാഴ്ച രാവിലെ പോലീസ് ഹെഡ്ക്വാര്‍ട്ടേഴ്സിനു മുന്നിൽ നിന്ന് ആരംഭിക്കും. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്തിനൊപ്പം മുതിര്‍ന്ന പൊലീസ് ഓഫീസര്‍മാരും എസ്.എ.പിയിലെ രണ്ട് പ്ലാറ്റൂണ്‍ പോലീസ് ഉദ്യോഗസ്ഥരും ഓട്ടത്തിൽ പങ്കെടുക്കും. പൊലീസിലെ സ്പോര്‍ട്സ് താരങ്ങളും 100 സ്റ്റുഡന്‍റ് പോലീസ് കേഡറ്റുകളും ഓട്ടത്തിന്റെ ഭാഗമാകും.

രാവിലെ 6.30 ന് തുടങ്ങുന്ന നെക്സ്റ്റ് ജേര്‍ണി റണ്‍ എന്ന പേരിലുള്ള കൂട്ടയോട്ടം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സമാപിക്കും. വെള്ളയമ്പലം, മ്യൂസിയം, എല്‍.എം.എസ് ജംഗ്ഷന്‍, പാളയം വഴിയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ഡിജിപി അനിൽ കാന്തിന്‍റെ വ്യായമ മുറകളും ഓട്ടവും നേരത്തെ തന്നെ പ്രസിദ്ധമാണ്. ഡിജിപിയായി ചുമതലയേറ്റ ശേഷം തൃശ്ശൂർ പൊലീസ്  അക്കാദമിയിലെത്തിയ അനിൽകാന്ത് വിശ‍ാലമായ പരേഡ് ഗ്രൗണ്ടിൽ  നിർത്താതെ ഓടിയത് 20 റൗണ്ട് ആണ്. പൊലീസ് ട്രെയിനികളും ഡിജിപിക്കൊപ്പം ഓടിയെങ്കിലും അഞ്ച് റൗണ്ട് പൂർത്തിയായപ്പോൾ തന്നെ ഭൂരിഭാഗം പേരും കിതച്ച് അവശരായി ഓട്ടം നിർത്തിയിരുന്നു.

Signature-ad

1988 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. ദളിത് വിഭാഗത്തിൽ നിന്നും സംസ്ഥാന പൊലീസ് മേധാവിയായ ആദ്യത്തെ ഉദ്യോഗസ്ഥനാണ് ദില്ലി സ്വദേശിയായ അനിൽകാന്ത്. എഡിജിപി കസേരയിൽ നിന്നും നേരിട്ട് പൊലീസ് മേധാവിയാകുന്നുവെന്ന പ്രത്യേകതയും അനിൽ കാന്തിന്‍റെ ഡിജിപി പദവിക്ക് ഉണ്ടായിരുന്നു. പൊലീസിലെ സൗമ്യതയുടെ മുഖം എന്നറിയപ്പെടുന്ന ആന്ധ്ര സ്വദേശിയായ ഷെയ്ഖ് ദർവേഷ് സാഹിബ് ആണ് പുതിയ ഡിജിപി. നിലവിൽ ഫയർഫോഴ്സ് മേധാവിയാണ് ഷെയ്ഖ് ദര്‍വേസ് സാഹിബ്. ക്രൈംബ്രാഞ്ച് മേധാവിയും ക്രമസമാധാന ചുമതലയുള്ള എഡിജിപിയുമായി പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങളിൽ നിന്നൊഴിഞ്ഞ ക്ലീൻ ട്രാക്ക് റെക്കോർഡാണ് സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവി ഷെയ്ഖ് ദർവേസ് സാഹിബിനുള്ളത്.

Back to top button
error: