തിരുവനന്തപുരം: ദേശാഭിമാനിയുടെ മുന്‍ പത്രാധിപ സമിതി അംഗമായ ജി. ശക്തിധരന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ശക്തിധരന്റെ ആരോപണത്തില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്ത് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് സതീശന്‍ ചോദിച്ചു. കൊച്ചി കലൂരിലെ ദേശാഭിമാനിയിലെ ഓഫീസില്‍ നിന്ന് എണ്ണിത്തിട്ടപ്പെടുത്തിയ പണം എവിടേക്കാണ് കൊണ്ടുപോയത്? ആരില്‍ നിന്നാണ് ഈ പണം കിട്ടിയത്? ഇതിനെ കുറിച്ച് അന്വേഷണം നടത്തേണ്ടേയെന്നും സതീശന്‍ ചോദിച്ചു. അന്ന് കാറിലുണ്ടായിരുന്നയാള്‍ ഇന്ന് പിണറായി മന്ത്രിസഭയിലുണ്ടെന്നും സതീശന്‍ പറഞ്ഞു.
എന്തിന്റെ അടിസ്ഥാനത്തിലാണ് മോന്‍സന്റെ വിഷയത്തില്‍ കെ. സുധാകരനെതിരെ കേസ് എടുത്തത്? മോന്‍സന്റെ പഴയ ഡ്രൈവര്‍ ഈ പത്ത് ലക്ഷം എണ്ണിക്കൊടുക്കുന്നത് കണ്ട് എന്ന മൊഴിയുടെ അടിസ്ഥാനത്തിലാണെങ്കില്‍, പിണറായിയുടെ സഹപ്രവര്‍ത്തകനായിരുന്ന ഒരാള്‍ ഇതുപോലെയുള്ള വെളിപ്പെടുത്തല്‍ നടത്തുമ്പോള്‍ അതില്‍ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? സതീശന്‍ ചോദിച്ചു. രണ്ട് കോടി 35 ലക്ഷം രൂപ എണ്ണിക്കൊണ്ടുപോകുന്നത് കണ്ടുവെന്നാണ് മുഖ്യമന്ത്രിക്കെതിരായ വെളിപ്പെടുത്തല്‍.
തിരുവനനന്തപുരം മുതല്‍ ടൈം സ്‌ക്വയര്‍ വരെ അറിയപ്പെടുന്നയാളെ കുറിച്ചാണ് ഗൗരവതരമായ ഈ ആരോപണം ഉന്നയിച്ചതെന്ന് സതീശന്‍ പറഞ്ഞു. എന്തുകൊണ്ടാണ് ശക്തിധരന്റെ ആരോപണത്തില്‍ എഫ്ഐആര്‍ എടുത്ത് അന്വേഷണം നടത്താത്തത്? അന്വേഷണം നടക്കുന്ന കാലയളവില്‍ ആഭ്യന്തരമന്ത്രിയുടെ പദവിയില്‍ നിന്ന് മാറി നില്‍ക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. സുധാകരന്‍ പുറത്താക്കിയ ഡ്രൈവറുടെ മൊഴിയനുസരിച്ച് അദ്ദേഹത്തിനെതിരെ കേസ് എടുക്കുമ്പോള്‍ കൂടെയുണ്ടായിരുന്നപ്പോള്‍ പണം എണ്ണിത്തിട്ടപ്പെടുത്തിയ ആള്‍ക്കെതിരെ കേസ് എടുക്കാത്തത് ശരിയാണോ? ഇരട്ട നീതി പാടില്ലെന്നും സതീശന്‍ പറഞ്ഞു.
ബംഗളൂരുവിലെ ഒരു മാധ്യമപ്രവര്‍ത്തകയായ സന്ധ്യ രവിശങ്കര്‍ ആരോപിച്ചത് വലിയ റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുമായി ചേര്‍ന്ന് പിണറായി വിജയന്‍ 1500 ഏക്കറോളം സ്ഥലം തമിഴ് നാട്ടിലും കേരളത്തിലും സ്വന്തമാക്കിയിട്ടുണ്ടെന്നാരോപണം. ഇതിന്റെ നിജസ്ഥിതി തങ്ങള്‍ക്ക് അറിയില്ല. ഒന്നുകില്‍ അതിനെ കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. അല്ലെങ്കില്‍ അവര്‍ക്കെതിരേ മാനനഷ്ടക്കേസ് കൊടുക്കാന്‍ തയ്യാറുണ്ടോയെന്നും സതീശന്‍ ചോദിച്ചു.
സിപിഎം നേതൃത്വത്തിനും മുഖ്യമന്ത്രിക്കും എതിരെ പതിവായി വിമര്‍ശനം ഉന്നയിക്കുന്ന ശക്തിധരന്‍ ഫെയ്സ്ബുക്കിലൂടെ തന്നെയാണ് സാമ്പത്തിക ആരോപണവും ഉന്നയിച്ചത്. സിപിഎമ്മില്‍നിന്നു പുറത്താക്കപ്പെട്ടയാളാണ് ശക്തിധരന്‍.
”കലൂരിലെ ദേശാഭിമാനി ഓഫീസില്‍ 2 ദിവസം തങ്ങിയപ്പോള്‍ ചില വന്‍തോക്കുകള്‍ നേതാവിനെ സന്ദര്‍ശിക്കുകയും പണം സമ്മാനിക്കുകയും ചെയ്തു. കിട്ടിയ പണം എണ്ണാന്‍ ഞാന്‍ അദ്ദേഹത്തെ സഹായിച്ചു. 2 കോടി 35,000 വരെ എണ്ണി തിട്ടപ്പെടുത്തി. പണം കൊണ്ടുപോകാനായി 2 കൈതോലപ്പായ ഞാനും സഹപ്രവര്‍ത്തകനും ഓടിപ്പോയി വാങ്ങിക്കൊണ്ടു വന്നു. ഇന്നോവ കാറിന്റെ ഡിക്കിയില്‍ അതു തിരുവനന്തപുരത്തേക്കു കൊണ്ടുപോയി. ഇപ്പോഴത്തെ മന്ത്രിസഭയിലെ ഒരു അംഗവും ഈ കാറില്‍ ഉണ്ടായിരുന്നു” -ശക്തിധരന്റെ കുറിപ്പില്‍ പറയുന്നു.