IndiaNEWS

കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേത്; ആശുപത്രിക്ക് ഒന്നരക്കോടി പിഴ

ന്യൂഡല്‍ഹി: കൃത്രിമ ഗര്‍ഭധാരണത്തിന് ഉപയോഗിച്ച ബീജം മറ്റൊരാളുടേതെന്ന ദമ്പതികളുടെ പരാതിയില്‍ ആശുപത്രിക്ക് ഒന്നരക്കോടി രൂപ പിഴ. പടിഞ്ഞാറന്‍ ഡല്‍ഹിയിലെ ആശുപത്രിയ്ക്കാണ് ദേശീയ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ പിഴ ചുമത്തിയത്. കൃത്രിമ ബീജസങ്കലനത്തിനായി ശേഖരിച്ച തന്റെ ബീജത്തിന് പകരമായി മറ്റൊരാളുടെ ബീജമാണ് ഉപയോഗിച്ചതെന്നായിരുന്നു ദമ്പതികളുടെ പരാതി. 15 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കമ്മീഷന്‍ നടപടി സ്വീകരിച്ചത്.

ഐവിഎഫ് ചികിത്സയിലൂടെ ദമ്പതികള്‍ക്ക് ഇരട്ടക്കുട്ടികളാണ് പിറന്നത്. 2008 ലാണ് ചികിത്സയ്ക്കായി ദമ്പതികള്‍ ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയെ സമീപിക്കുന്നത്. കൃത്രിമബീജസങ്കലനത്തിലൂടെ മാത്രമേ ഗര്‍ഭസാധ്യതയുള്ളൂവെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ഭാര്യ ഇന്‍ട്രാ സൈറ്റോപ്ലാസ്മിക് ബീജകുത്തിവെപ്പിന് വിധേയമാവുകയായിരുന്നു. ഭര്‍ത്താവിന്റെ ബീജംതന്നെ ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതെന്നായിരുന്നു ഡോക്ടര്‍മാര്‍ അറിയിച്ചത്.

Signature-ad

2009 ലാണ് ഇവര്‍ക്ക് ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ചത്. എന്നാല്‍, ഇരട്ടകളില്‍ ഒരാളുടെ രക്തഗ്രൂപ്പ് മറ്റൊരാളുമായി ചേരുന്നില്ലെന്ന് കണ്ടെത്തിയതോടെയാണ് സംശയം ആരംഭിച്ചത്. പിന്നീട് നടന്ന പരിശോധനയില്‍ ബീജം നിക്ഷേപിച്ചതില്‍ കൃത്രിമം നടന്നെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെ അശ്രദ്ധയ്ക്കും സേവനത്തിലെ അപാകത്തിനും നഷ്ടപരിഹാരമായി രണ്ടുകോടി രൂപ ആവശ്യപ്പെട്ട് ദമ്പതികള്‍ ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.

കമ്മീഷന്‍ നടത്തിയ പരിശോധനയില്‍ ആശുപത്രിയില്‍ തെറ്റായ ചികിത്സാ രീതികള്‍ നടക്കുന്നുണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് ആശുപത്രി ചെയര്‍പേഴ്‌സണും ഡയറക്ടറും ചേര്‍ന്ന് ഒരുകോടി രൂപയും ചികിത്സയുടെ ഭാഗമായിരുന്ന മൂന്ന് ഡോക്ടര്‍മാര്‍ 10 ലക്ഷം വീതവും ദമ്പതികള്‍ക്ക് നല്‍കണമെന്നും കമ്മിഷന്‍ ഉത്തരവിട്ടു.

1.30 കോടി രൂപ കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ തുല്യ അനുപാതത്തില്‍ ഫിക്‌സഡ് ഡിപ്പോസിറ്റായി നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം. ദമ്പതികളായിരിക്കും നോമിനി. കുട്ടികളുടെ പരിചരണത്തിനും ക്ഷേമത്തിനുമായി പലിശ പിന്‍വലിക്കാന്‍ ദമ്പതികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

Back to top button
error: