കോട്ടയം: പ്രധാനമന്ത്രി മുദ്ര ലോണ്‍വഴി 10 ലക്ഷം രൂപ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് റെയില്‍വേ ജീവനക്കാരിയുടെ മൂന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിലെ പ്രതി പിടിയില്‍.
പാലക്കാട് ചാലവര സ്വദേശി ആബിദിനെ(30)യാണ് കോട്ടയം റെയില്‍വേ പോലീസ് ഇൻസ്പെക്ടര്‍ റജി പി.ജോസഫ് അറസ്റ്റുചെയ്തത്.
കോട്ടയം റയില്‍വേ സ്റ്റേഷൻ ജീവനക്കാരിയായ തൃശ്ശൂര്‍ സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. പലതവണയായാണ് തുക തട്ടിയെടുത്തത്. നേരത്തെ പാലക്കാട്, ചേര്‍പ്പുളശ്ശേരി, ഷൊര്‍ണൂര്‍, തൃശ്ശൂര്‍ എന്നിവിടങ്ങളിലും ഇയാൾ സമാനരീതിയില്‍ തട്ടിപ്പ് നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു.