LocalNEWS

ബസുകളെല്ലാം എരുമേലി, ഈരാറ്റുപേട്ട വഴി; മണിമല, പൊൻകുന്നം നിവാസികൾ പെരുവഴിയിൽ

മണിമല:കെഎസ്ആർടിസിയുടെതുൾപ്പടെ ആരംഭിക്കുന്ന സർവീസുകളെല്ലാം എരുമേലി-കാഞ്ഞിരപ്പള്ളി-ഈരാറ്റുപേട്ട റൂട്ടിലൂടെ ആയതോടെ മണിമല, പൊൻകുന്നം നിവാസികൾ പെരുവഴിയിലായിരിക്കുകയാണ്.മണിമല-പൊൻകുന്നം വഴി കടന്നുപൊയ്ക്കോണ്ടിരുന്ന ദീർഘദൂര സർവീസുകൾ ഉൾപ്പെടെ എരുമേലി വഴി ആക്കിയിട്ടുമുണ്ട്.
തിരുവനന്തപുരം, പത്തനംതിട്ട, റാന്നി  എന്നിവിടങ്ങളില്‍നിന്ന് മലബാര്‍ മേഖലയിലേക്കുള്ള രാത്രി സര്‍വിസുകളെല്ലാം എരുമേലി വഴി കാഞ്ഞിരപ്പള്ളിയിലെത്തി ഈരാറ്റുപേട്ടയിലൂടെ പാലായിലോ തൊടുപുഴയിലോ എത്തിയാണ് നിലവിൽ കടന്നുപോകുന്നത്.
പുനലൂർ- മൂവാറ്റുപുഴ ഈസ്റ്റേൺ ഹൈവേ റാന്നിയിൽ നിന്നും മണിമല, പൊൻകുന്നം വഴിയാണ് കടന്നുപോകുന്നത്.എന്നാൽ കെഎസ്ആർടിസിയുടേതുൾപ്പടെയുള്ള ദീർഘദൂര സർവീസുകളെല്ലാം റാന്നിയിൽ നിന്നും പ്ലാച്ചേരിയിലെത്തി എരുമേലിയിലേക്ക് തിരിയുകയാണ് ചെയ്യുന്നത്.ഇതുമൂലം മണിമല, ചിറക്കടവ്, പൊൻകുന്നം ഭാഗത്തുള്ള യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.അടൂർ-പത്തനംതിട്ട-റാന്നി റൂട്ടിൽ എത്തുന്ന ബസുകളും പ്ലാച്ചേരിയിലെത്തി എരുമേലിയിലേക്ക് തിരിയും.
പൊൻകുന്നം മുതല്‍ പാലാ വരെയുള്ള ഭാഗത്തെ യാത്രക്കാര്‍ക്ക് പാലാ ഡിപ്പോയില്‍ എത്തിയെങ്കില്‍ മാത്രമേ മലബാര്‍ സര്‍വിസുകളില്‍ യാത്ര ചെയ്യാനാവൂ. പൊൻകുന്നത്തുനിന്ന് അവസാന ബസ് രാത്രി 8.45നാണ്. അര്‍ധരാത്രിയും പുലര്‍ച്ചയുമുള്ള വടക്കൻ ബസുകളില്‍ യാത്ര ചെയ്യേണ്ടവര്‍ ഓട്ടോയില്‍ സഞ്ചരിച്ച്‌ പാലായിലെത്തണം. ഏതാനും ബസുകള്‍ കാഞ്ഞിരപ്പള്ളി, പൊൻകുന്നം, പാലാവഴി സര്‍വിസ് നടത്തിയാല്‍ വടക്കൻ ജില്ലകളിലേക്കുള്ള യാത്രക്കാര്‍ക്ക് പ്രയോജനപ്പെടും.
തിങ്കളാഴ്ച പൊൻകുന്നത്ത് എത്തുന്ന ഗതാഗതമന്ത്രി ആന്‍റണി രാജുവിന് ഇതുസംബന്ധിച്ച്‌ നിവേദനം നല്‍കാനൊരുങ്ങുകയാണ് നാട്ടുകാര്‍.

Back to top button
error: