CrimeNEWS

തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ചു; യുഎസില്‍ യൂബര്‍ ഡ്രൈവറെ യാത്രക്കാരി വെടിവെച്ച് കൊന്നു

ഡാലസ്: തട്ടിക്കൊണ്ടുപോകുകയാണെന്ന് തെറ്റിദ്ധരിച്ച് യൂബര്‍ ടാക്സി ഡ്രൈവറെ യാത്രക്കാരി വെടിവെച്ച് കൊലപ്പെടുത്തി. യുഎസിലെ ടെക്സസില്‍ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. കെന്റകി സ്വദേശിയായ ഫിബി ഡി.കോപാസ്(48) ആണ് ടാക്സി ഡ്രൈവര്‍ ഡാനിയേല്‍ പിദ്ര ഗാര്‍ഷ്യ(52)യെ വെടിവെച്ച് കൊലപ്പെടുത്തിയത്.

കാമുകനെ കാണാനായാണ് യുവതി ടെക്സസിലെ എല്‍പാസോയിലെത്തിയത്. കാസിനോയിലാണെന്ന് സുഹൃത്ത് അറിയിച്ചതോടെ ഇവിടേക്ക് പോകാനായി യുവതി യൂബര്‍ ടാക്സി വിളിച്ചു. എന്നാല്‍, യാത്രയ്ക്കിടെ യുഎസ് അതിര്‍ത്തിക്കപ്പുറത്തുള്ള ‘വാരേസ്, മെക്‌സിക്കോ’ എന്ന ദിശാസൂചന ബോര്‍ഡ് കണ്ടതോടെ ടാക്സി ഡ്രൈവര്‍ തെറ്റായ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും തന്നെ മെക്സിക്കോയിലേക്ക് തട്ടിക്കൊണ്ടുപോവുകയാണെന്നും യുവതി തെറ്റിദ്ധരിച്ചു. ഇതിനുപിന്നാലെയാണ് കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് ഡ്രൈവറുടെ കഴുത്തിന് പിറകില്‍ വെടിവെച്ചത്.

Signature-ad

ഡ്രൈവര്‍ക്ക് വെടിയേറ്റതോടെ വാഹനത്തിന്റെ നിയന്ത്രണം തെറ്റുകയും റോഡരികിലെ മതിലില്‍ ഇടിച്ചുനില്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍നിന്ന് പുറത്തേക്കിറങ്ങിയ യുവതി സുഹൃത്തിനെയും പോലീസിനെയും വിവരമറിയിച്ചു. ചോരയില്‍ കുളിച്ചുകിടന്ന ഡ്രൈവറെ പോലീസ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം ഇദ്ദേഹം മരിച്ചു. ഇതോടെ അറസ്റ്റിലായ യുവതിക്കെതിരേ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്.

പോലീസ് നടത്തിയ അന്വേഷണത്തില്‍ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം നടന്നിട്ടില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. മാത്രമല്ല, വെടിവെയ്ക്കുന്നതിന് മുന്‍പ് യുവതി മറ്റൊരു സഹായവും തേടിയില്ലെന്നും അധികൃതരെ വിളിച്ച് സഹായം അഭ്യര്‍ഥിക്കുന്നതിന് മുന്‍പേ വെടിയുതിര്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

പോലീസ് എത്തിയതിന് പിന്നാലെ തോക്ക് ഉള്‍പ്പെടെ നല്‍കി യുവതി കീഴടങ്ങിയിരുന്നു. സംഭവത്തിന് പിന്നാലെ അറസ്റ്റ് ചെയ്ത് ജയിലിലടച്ച യുവതിക്കെതിരേ ഡ്രൈവര്‍ മരിച്ചതോടെയാണ് കൊലക്കുറ്റവും ചുമത്തിയത്. ഏത് അന്വേഷണത്തിനും സഹകരിക്കുമെന്ന് യൂബറും വ്യക്തമാക്കിയിട്ടുണ്ട്.

Back to top button
error: