IndiaNEWS

വിവാദങ്ങള്‍ക്ക് താത്പര്യമില്ല; ‘കേരള സ്റ്റോറി’യെ കൈയ്യൊഴിഞ്ഞ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍

വിവാദ ചിത്രം ‘ദി കേരള സ്റ്റോറി’ വാങ്ങാന്‍ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകള്‍ തയ്യാറാകുന്നില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന് ഇതുവരെ മികച്ച കരാര്‍ ലഭിക്കാത്തതിനാലാണ് ഒ.ടി.ടി റിലീസ് വൈകുന്നതെന്ന് സംവിധായകന്‍ സുദീപ്‌തോ സെന്‍ പറഞ്ഞു. മേയ് അഞ്ചിന് തിയേറ്ററുകളിലെത്തിയ ‘ദി കേരള സ്റ്റോറി’ ബോക്‌സോഫീസില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു.

ചിത്രത്തിന് നേരത്തെ ഒ.ടി.ടി കരാര്‍ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ സംവിധായകന്‍ തള്ളിയിട്ടുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമില്‍ നിന്നും ഇപ്പോഴും അനുയോജ്യമായ ഓഫര്‍ ചിത്രത്തിന് ലഭിച്ചിട്ടില്ലെന്ന് സുദീപ്‌തോ സെന്‍ പറഞ്ഞു. പ്രധാന ഒ.ടി.ടി പ്ലാറ്റഫോമില്‍ നിന്നുള്ള ഓഫറിനായി തങ്ങള്‍ കാത്തിരിക്കുകയാണെന്നും സംവിധായകന്‍ ചൂണ്ടിക്കാട്ടി. സിനിമ ലോകം ഒത്തുചേര്‍ന്ന് തങ്ങളെ ശിക്ഷിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും സുദീപ്‌തോ സെന്‍ കൂട്ടിച്ചേര്‍ത്തു.

Signature-ad

‘ദ കേരള സ്റ്റോറി’യുടെ ബോക്‌സ് ഓഫീസ് വിജയം സിനിമ രംഗത്തെ പല വിഭാഗങ്ങളെയും അലോസരപ്പെടുത്തിയെന്നും തങ്ങളെ ഒരു പാഠം പഠിപ്പിക്കാന്‍ സിനിമ രംഗത്തെ ഒരു വിഭാഗം ഒന്നിച്ചതായി സംശയിക്കുന്നുവെന്നും സംവിധായകന്‍ പറയുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് താല്‍പ്പര്യമില്ലെന്നാണ് ഒ.ടി.ടി പ്ലാറ്റഫോമുകള്‍ പറയുന്നതെന്നും സുദീപ്‌തോ സെന്‍ അറിയിച്ചു. ‘കേരള സ്റ്റോറി’ ഒരു പ്രൊപ്പഗണ്ട ചിത്രമാണെന്ന ആരോപണങ്ങള്‍ ഒ.ടി.ടി പ്ലാറ്റഫോമുകളെ പിന്തിരിപ്പിക്കുന്നുവെന്നാണ് വിവരങ്ങള്‍.

സുദീപ്തോ സെന്‍ രചനയും സംവിധാനവും നിര്‍വഹിച്ച കേരള സ്റ്റോറിയുടെ ട്രെയിലര്‍ റിലീസ് ചെയ്തത് മുതല്‍ വ്യാപക പ്രതിഷേധം ആരംഭിച്ചിരുന്നു. ആദാ ശര്‍മയാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയത്.

Back to top button
error: