റാന്നി: ഇന്നലെ രാത്രിയിൽ റാന്നി കീക്കൊഴൂരിൽ യുവതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നത് കാപ്പാ കേസില്‍ ഉള്‍പ്പെട്ട പ്രതി.
കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പ്പടി മലര്‍വാടി ഓര്‍ത്തഡോക്സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കല്‍ രജിതമോള്‍ (27) ആണ് മരിച്ചത്.രജിതയ്ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുല്‍ സത്യനാണ് ശനിയാഴ്ച രാത്രി 9-മണിയോടെ ആക്രമണം നടത്തിയത്.
കാപ്പാ കേസില്‍ ഉള്‍പ്പെട്ട അതുല്‍ സത്യൻ കൊലപാതകം, കഞ്ചാവുകടത്തല്‍ ഉള്‍പ്പെടെയുള്ളവയില്‍ പ്രതിയാണ്. ഇരുവരും തമ്മില്‍ നിയമപരമായി വിവാഹം കഴിച്ചിട്ടില്ലെങ്കിലും ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്.കുറച്ചുനാളായി പിണങ്ങിക്കഴിയുന്നതിനാല്‍ രജിതമോള്‍ അവരുടെ വീട്ടിലാണ് താമസം.ശനിയാഴ്ച രജിതമോള്‍ അതുലിനെതിരേ റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്ന് പോലീസ് പറയുന്നു.വാളുമായി വീട്ടിലേക്ക് ഓടിക്കയറിയ ഇയാള്‍ രജിതമോളെ വെട്ടിവീഴ്ത്തുകയായിരുന്നു. തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്.
തടസ്സംപിടിക്കുന്നതിനിടയില്‍ രജിതയുടെ അച്ഛൻ വി.എ.രാജു(60), അമ്മ ഗീത(51), സഹോദരി അമൃത(18) എന്നിവര്‍ക്കും വെട്ടേറ്റു. ഇതില്‍ രാജുവിന്റെ നില ഗുരുതരമാണ്. ഇവരെ റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രാജുവിന് അടിയന്തരശസ്ത്രക്രിയ നടത്തി. ആക്രമണസമയത്ത് ഇരുവരുടെയും മക്കളായ ഭദ്രി(4), ദര്‍ശിത്(2) എന്നിവര്‍ വീട്ടിലുണ്ടായിരുന്നെങ്കിലും, ബഹളം കേട്ടെത്തിയവര്‍ സ്ഥലത്തുനിന്ന് മാറ്റിയതിനാല്‍ കുട്ടികള്‍ രക്ഷപ്പെട്ടു.ചെറുകോല്‍ ഗ്രാമപ്പഞ്ചായത്തംഗം ജോമോൻ ജോസ് മാത്യുവിന്റെ നേതൃത്വത്തിലാണ് വെട്ടേറ്റവരെ റാന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും രജിത മരിച്ചിരുന്നു.
അതുലിനായി റാന്നിയിലെയും പെരുമ്പെട്ടിയിലെയും പോലീസിന്റെ നേതൃത്വത്തിൽ രാത്രിയിൽ തന്നെ തിരച്ചില്‍ ആരംഭിച്ചു.റാന്നി സി.െഎ. പി.എസ്.വിനോദ്, പെരുമ്ബെട്ടി സി.െഎ. എം.ആര്‍.സുരേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.