എല്ലും തോലുമായി അരിക്കൊമ്പന്‍; ചിത്രം പുറത്തുവന്നതോടെ ആശങ്കയിലായി ഫാന്‍സ്
ചെന്നൈ : തമിഴ്നാട്ടിലുള്ള അരിക്കൊമ്പന്റെ ആരോഗ്യനിലയെക്കുറിച്ചുളള ആശങ്കയിലാണ് കേരളത്തിലുള്ള അരിക്കൊമ്പന്‍ ഫാന്‍സ്. കഴിഞ്ഞ ദിവസം അരിക്കൊമ്പന്റെ ചിത്രങ്ങള്‍ പുറത്തിറങ്ങിയതോടെയാണ് സമൂഹമാദ്ധ്യമങ്ങളില്‍ ചര്‍ച്ചകള്‍ സജീവമായത്. എല്ലുകള്‍ പൊങ്ങി മെലിഞ്ഞിരിക്കുന്ന അരിക്കൊമ്പന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ അടിയന്തിര ഇടപെടല്‍ ആവശ്യമാണെന്ന് മൃഗസ്നേഹികളും പറഞ്ഞു.
ആനയുടെ കാലിന് പരിക്കുണ്ടെന്നും അരിക്കൊമ്പന്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയിലൂടെ പറഞ്ഞിരുന്നു. എന്നാല്‍ ആന നിലവില്‍ ആരോഗ്യവാനാണെന്നാണ് തമിഴ്നാട് വനംവകുപ്പ് അറിയിക്കുന്നത്. ഇപ്പോള്‍ മുതുകുഴിവയലില്‍ നിന്നും ആറ് കിലോമീറ്റര്‍ അകലെയാണ് ആനയുള്ളത്. 36 പേരാണ് ആനയെ നിരീക്ഷിക്കുന്നത്. നേരത്തെ ഇവിടെ നിന്ന് ആന പുല്ല് കഴിക്കുന്ന വീഡിയോ തമിഴ്നാട് വനം വകുപ്പ് പുറത്ത് വിട്ടിരുന്നു.
കളക്കാട്, കന്യാകുമാരി ഡിവിഷനുകള്‍ക്ക് കീഴിലുള്ള ഫോറസ്റ്റ് /വൈല്‍ഡ്ലൈഫ് ഓഫീസര്‍മാര്‍, ഫോറസ്ട്രി ഓഫീസര്‍മാര്‍, ഫോറസ്റ്റര്‍മാര്‍, ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാര്‍, ആന്റി പോച്ചിങ് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരടങ്ങുന്ന സംഘമാണ് മുതുകുഴിവയലിലും പരിസരത്തും ആനയെ നിരീക്ഷിക്കുന്നത്. അരിക്കൊമ്പനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നും റിപ്പോര്‍ട്ടുണ്ട്.