NEWSWorld

അപരിചിതരായ പെണ്‍കുട്ടികളെ കെട്ടിപ്പിടിച്ചു മുത്തംകൊടുത്തു; സിംഗപ്പുരില്‍ ഇന്ത്യന്‍ ഷെഫിന് തടവ്

സിംഗപ്പുര്‍: കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളെ ഉപദ്രവിച്ച ഇന്ത്യന്‍ ഷെഫിന് സിംഗപ്പൂരില്‍ തടവുശിക്ഷ. പ്രതി സുശില്‍ കുമാര്‍ മൂന്നുമാസവും നാല് ആഴ്ചയും തടവുശിക്ഷ അനുഭവിക്കണം. മൂന്നുമാസത്തിന്റെ ഇടയിലാണ് ഇയാള്‍ രണ്ടുപെണ്‍കുട്ടികളെ ഉപദ്രവിച്ചത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് രണ്ടിനാണു ആദ്യസംഭവം നടന്നത്. റോഡിലൂടെ നടന്നുവരികയായിരുന്ന പെണ്‍കുട്ടിയെ അനുവാദമില്ലാതെ യുവാവ് കെട്ടിപ്പിടിക്കുകയും കവിളില്‍ ചുംബിക്കുകയുമായിരുന്നു. തുടര്‍ന്ന് ഒന്നിച്ചുള്ള നിരവധി ഫോട്ടോകള്‍ ഇയാള്‍ തന്റെ ഫോണില്‍ പകര്‍ത്തുകയും കുട്ടിയുടെ മൊബൈല്‍ നമ്പര്‍ വാങ്ങുകയും ചെയ്തു.

പണം ആവശ്യമുണ്ടെങ്കില്‍ തന്നെ വിളിക്കാമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. പ്രതികരിക്കാന്‍ കഴിയാതിരുന്ന പെണ്‍കുട്ടി വീട്ടിലെത്തി വിവരങ്ങള്‍ പറയുകയും തുടര്‍ന്ന് പരാതി കൊടുക്കുകയുമായിരുന്നു. അതിനിടെ, ഫോണിലൂടെ കുട്ടിയെ ബന്ധപ്പെടാനും ഇയാള്‍ ശ്രമിച്ചു. പരാതി കൊടുത്തതിനു പിറ്റേ ദിവസം തന്നെ യുവാവ് പിടിയിലായെങ്കിലും ജാമ്യം കിട്ടി.

Signature-ad

നവംബര്‍ എട്ടിനും യുവാവ് സമാനമായ കുറ്റകൃത്യം ചെയ്തു. ലിഫ്റ്റ് കാത്തുനില്‍ക്കുകയായിരുന്ന 19 വയസുകാരിയുടെ കയ്യില്‍ പിടിക്കുകയും ലിഫ്റ്റില്‍ കയറിയതിനു പിന്നാലെ ചുംബിക്കുകയും ചെയ്തു. പേടിച്ചുപോയ പെണ്‍കുട്ടി വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു. ലിഫ്റ്റില്‍ നിന്നുള്ള സിസി ടിവി ദൃശ്യം പോലീസ് ശേഖരിച്ചു. രണ്ടു സംഭവങ്ങള്‍ക്കും പിന്നാലെ നവംബര്‍ എട്ടിന് യുവാവ് അറസ്റ്റിലായി. സംഭവങ്ങളില്‍ പശ്ചാത്താപമുണ്ടെന്ന് യുവാവ് അറിയിച്ചെങ്കിലും കോടതി ഇത് കണക്കിലെടുത്തില്ല. ചെയ്ത കാര്യത്തില്‍ പശ്ചാത്താപം ഉണ്ടായിരുന്നെങ്കില്‍ യുവാവ് ഒരേ കുറ്റകൃത്യം രണ്ടുതവണ ആവര്‍ത്തിക്കില്ലെന്നായിരുന്നു ജില്ലാ ജഡ്ജി വിധി പ്രസ്താവിക്കവേ പറഞ്ഞത്.

അതിനിടെ, കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ഇന്ത്യന്‍ വംശജനായ തങ്കരാജു സുപ്പയ്യ(46)യെ സിംഗപ്പൂരില്‍ തൂക്കിലേറ്റിയിരുന്നു. രാജ്യാന്തര എതിര്‍പ്പുകളെ അവഗണിച്ച് ഇക്കഴിഞ്ഞ ഏപ്രിലിലായിരുന്നു ശിക്ഷ നടപ്പാക്കിയത്.
1017.9 ഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ 2017ല്‍ തങ്കരാജു കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിരുന്നു. 2018ല്‍ കോടതി വധശിക്ഷ വിധിച്ചു.

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: