ന്യൂയോര്‍ക്ക്: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ പോയ ഓഷന്‍ഗേറ്റ് ടൈറ്റന്‍ ജലപേടകത്തിലെ അഞ്ച് പേരും മരിച്ചതായി നിഗമനത്തില്‍ യുഎസ് കോസ്റ്റ് ഗാര്‍ഡ്. കടലിനടിയിലുണ്ടായ ശക്തമായ മര്‍ദ്ദത്തില്‍ പേടകം ഉള്‍വലിഞ്ഞ് പൊട്ടിത്തകര്‍ന്നിരിക്കാമെന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്. ഒരു സ്‌ഫോടനത്തിന് സമാനമായ ദുരന്തമാണ് സംഭവിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് അനുമാനം.
ബ്രിട്ടീഷ് കോടീശ്വരനും ആക്ഷന്‍ ഏവിയേഷന്‍ കമ്പനി ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, ബ്രിട്ടീഷ് പാകിസ്ഥാനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകന്‍ സുലേമാന്‍, എന്നിവരും ടൈറ്റന്‍ ജലപേടകത്തിന്റെ ഉടമകളായ ഓഷന്‍ഗേറ്റ് എക്സ്‌പെഡീഷന്‍സിന്റെ സിഇഒ സ്റ്റോക്ടന്‍ റഷ്, മുങ്ങല്‍വിദഗ്ധന്‍ പോള്‍ ഹെന്റി നാര്‍ജിയോലെ എന്നിവരാണ് പേടകത്തിലുണ്ടായിരുന്നവര്‍.
ഇവര്‍ യഥാര്‍ത്ഥ പര്യവേക്ഷകരായിരുന്നു, സാഹസികതയുടെ വേറിട്ട മനോഭാവം പങ്കിട്ടവരാണ്.
അതിന് പുറമെ, ലോക സമുദ്രങ്ങളില്‍ പര്യവേക്ഷണം ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ആഴത്തിലുള്ള അഭിനിവേശമുള്ളവരുമായിരുന്നുവെന്നും ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ‘ഈ ദുരന്തസമയത്ത് ഞങ്ങളുടെ ഹൃദയം ഈ അഞ്ച് ആത്മാക്കള്‍ക്കും അവരുടെ കുടുംബത്തിലെ ഓരോ അംഗത്തിനും ഒപ്പമാണ്.’ അവര്‍ കൂട്ടിച്ചേര്‍ത്തു.
ടൈറ്റാനിക് കപ്പലിന്റെ സമീപത്ത് ചില അവശിഷ്ടങ്ങള്‍ കണ്ടെത്തിയതായി യുഎസ് കോസ്റ്റ് ഗാര്‍ഡ് നേരത്തെ അറിയിച്ചിരുന്നു.
ഒരു നൂറ്റാണ്ട് മുന്‍പ് കടലില്‍ മുങ്ങിയ ടൈറ്റാനിക് കപ്പല്‍ കാണുന്നതിന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഘം യാത്ര തുടങ്ങിയത്. ഇന്ത്യന്‍ സമയം ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ഓടെയാണ് യുഎസ് കമ്പനിയുടെ ഓഷന്‍ ഗേറ്റ് ടൈറ്റന്‍ എന്ന ജല പേടകത്തിന് പേരന്റ് ഷിപ്പായ പോളാര്‍ പ്രിന്‍സ് കപ്പലുമായുള്ള ബന്ധം നഷ്ടമായത്.