KeralaNEWS

വിദ്യയെ കുടുക്കിയത് സുഹൃത്തിന്റെ ഫോണിലെ സെല്‍ഫി; സംശയത്തിന് ഇടയാക്കിയത് പുതിയ സിം

കോഴിക്കോട്: വ്യാജരേഖാക്കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന എസ്എഫ്ഐ മുന്‍ നേതാവ് കെ വിദ്യയെ കണ്ടെത്താന്‍ സഹായതിച്ചത് സുഹൃത്തിന്റെ ഫോണിലെ സെല്‍ഫി. സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് നാലുദിവസം മുന്‍പ് വിദ്യ അയച്ച സെല്‍ഫി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യ ഒളിവിലായിരുന്ന സ്ഥലം പോലീസ് കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന വിദ്യ വിവരങ്ങള്‍ അറിഞ്ഞിരുന്നത് സുഹൃത്തിന്റെ ഫോണിലൂടെയായിരുന്നെന്നും പോലീസ് പറയുന്നു.

ആവളയിലുള്ള കൂട്ടുകാരിയുടെ ഫോണില്‍ നിന്നാണ് വിദ്യക്കൊപ്പമുള്ള സെല്‍ഫി കണ്ടെത്തിയത്. ചോദ്യം ചെയ്യലില്‍ വിദ്യ എവിടെയുണ്ടെന്ന് അറിയില്ലെന്നാണ് ഈ സുഹൃത്ത് ആദ്യം പറഞ്ഞത്. പിന്നാലെ സുഹൃത്തിന്റെ ഫോണ്‍ പരിശോധിച്ചു. അതില്‍ വിദ്യയുമായുള്ള ഒരു സെല്‍ഫി കണ്ടു. നാലു ദിവസംമുന്‍പ് എടുത്തതായിരുന്നു അത്. അതോടെ വിദ്യ വടകര പരിസരങ്ങളില്‍ത്തന്നെയുണ്ടെന്ന നിഗമനത്തില്‍ പോലീസ് എത്തിച്ചേര്‍ന്നു. സുഹൃത്തിനെ കൂടുതല്‍ ചോദ്യം ചെയ്തതോടെ വിദ്യ എവിടെയുണ്ടെന്ന വിവരം ലഭിച്ചു. പിന്നാലെയാണ് വിദ്യ പിടിയിലാകുന്നത്.

Signature-ad

തുടര്‍ന്നാണ് കൂട്ടുകാരിക്കൊപ്പം വിദ്യ ഒളിവില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ പോലീസ് എത്തിയത്. വടകരയ്ക്കടത്ത് വില്യാപ്പള്ളിയിലെ കുട്ടോത്ത് വിആര്‍ നിവാസില്‍ രാഘവന്റെ വീട്ടില്‍ നിന്നാണ് വിദ്യയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാഘവന്റെ മകനും എസ്എഫ്ഐ മുന്‍ നേതാവുമായ റോവിത്ത് വഴിയാണ് ഇവിടെയെത്തിയതെന്നാണ് പോലിസിന്റെ നിഗമനം. കാറില്‍ വന്നതിനാല്‍ ആര്‍ക്കും സംശയം തോന്നിയതുമില്ല. അതേസമയം, ഒളിവില്‍ കഴിയാന്‍ സഹായിച്ചവര്‍ക്കെതിരെ കേസെടുക്കില്ലെന്ന് പോലീസ് വ്യക്തമാക്കി. നിലവില്‍ കേസെടുക്കേണ്ട സാഹചര്യമില്ലെന്ന് അഗളി പൊലീസ് പറഞ്ഞു.

 

Back to top button
error: