കൊല്ലം: ശക്തികുളങ്ങര കുരിശടിക്ക് സമീപം പ്രവര്‍ത്തിക്കുന്ന തട്ടുകടയില്‍ നിന്ന് ആഹാരം കഴിച്ചശേഷം പണപ്പെട്ടിയുമായി കടന്ന കേസില്‍ രണ്ടു പേർ പിടിയിലായി.
കണ്ണനല്ലൂര്‍ കുളപ്പാടം പാറവിള വീട്ടില്‍ സെയ്ദാലി (18), ശക്തികുളങ്ങര മീനത്ത് ചേരിയില്‍ തച്ചിലഴികത്ത് വീട്ടില്‍ അഖില്‍ (21) എന്നിവരാണ് ശക്തികുളങ്ങര പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. തട്ടുകടയിലെത്തിയ ഇവർ ഭക്ഷണം കഴിച്ചശേഷം പണം സൂക്ഷിക്കുന്ന പ്ലാസ്റ്റിക്ക് പെട്ടി തട്ടിയെടുത്ത് സ്കൂട്ടറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഏകദേശം 6000 രൂപ അടങ്ങിയ പണപ്പെട്ടി ആണ് ഇവര്‍ അപഹരിച്ചത്. കടയുടമ ശക്തികുളങ്ങര പൊലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.