NEWSPravasi

ദുബായിൽ യുവ വനിതാ എൻജിനീയറുടെ മരണം; ബാത്ത്റൂമിലെ ഷവറിൽ നിന്നും ഷോക്കേറ്റ്

ദുബായിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മലയാളി യുവ വനിതാ എൻജിനീയറുടെ മരണം യുഎഇയിലെ മലയാളി സമൂഹത്തിന് മൊത്തം ഞെട്ടലുളവാക്കുന്നതായിരുന്നു.പടിഞ്ഞാറെ കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ വിശാഖ് ഗോപിയുടെ ഭാര്യ നീതു (35) ആണ് വ്യാഴാഴ്ച ദുബായ് അൽ തവാറിലെ താമസ സ്ഥലത്ത് ദാരുണമായി മരിച്ചത്.
ദുബായ് അല്‍ തവാർ 3ലെ വില്ലയ്ക്ക് പുറത്തെ ഔട്ട് ഹൗസിലായിരുന്നു നീതുവും കുടുംബവും താമസിച്ചിരുന്നത്. വിശാഖ് ഗോപി മക് ഡെര്‍നോട് എന്ന നിർമാണ കമ്പനിയിൽ എൻജിനീയറായിരുന്നു. ഇദ്ദേഹവും വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലെത്തിയിരുന്നു.ഭർത്താവിനോടും കെജി 2 വിദ്യാർഥിയായ ഏക മകൻ നിവി(6)യുമായി സമയം ചെലവഴിച്ച ശേഷം വൈകിട്ട് ഏഴിന് നീതു കുളിമുറിയിൽ കയറിയതായിരുന്നു. ഇതേ സമയം തന്നെ വീട്ടുജോലിക്കാരി രാത്രി ഭക്ഷണം തയ്യാറാക്കാനായി അടുക്കളയിലുമായിരുന്നു.
വെള്ളത്തിന്റെ ടാപ്പ് തുറന്ന വീട്ടുജോലിക്കാരിയുടെ കൈയിൽ നിന്ന് പാത്രം തെറിച്ചുപോയതോടൊപ്പം കുളിമുറിയിൽ നിന്ന് നീതുവിൻ്റെ ഒച്ചയും കേട്ടു.രണ്ടാമതും ഒച്ച കേട്ടതോടെ വീട്ടുജോലിക്കാരി അങ്ങോട്ടോടി. അപ്പോഴേയ്ക്കും വിശാഖും അവിടെയെത്തി. അകത്ത് നിന്ന് കുറ്റിയിട്ടിരുന്ന കുളിമുറിയുടെ വാതിൽ ക്രിക്കറ്റ് കളിക്കാരനായ വിശാഖ് തൻ്റെ ബാറ്റ് കൊണ്ട് അടിച്ചു തകർത്തു തുറന്നു. അകത്ത് പ്രവേശിച്ചപ്പോൾ വാട്ടർ ഷവർ കൈയിൽ പിടിച്ച് വീണുകിടക്കുന്ന പ്രിയതമയെയാണ് കണ്ടത്.

ബോധമറ്റ് കിടക്കുകയായിരുന്ന നീതുവിന് വിശാഖ് സിപിആർ നൽകിയെങ്കിലും പ്രതികരണമില്ലായിരുന്നു. ഉടൻ ആംബുലൻസ് വിളിച്ചു ആശുപത്രിയിലെത്തിച്ചു. അപ്പോഴേയ്ക്കും അവർ ഈ ലോകത്തോട് വിടപറഞ്ഞിരുന്നു. കഴിഞ്ഞ 15 വർഷമായി യുഎഇയിലുള്ളയാളാണ് വിശാഖ്. നീതു ഇവിടെയെത്തിയിട്ട് 10 വർഷമായിരുന്നു.

 

Signature-ad

നീതുവിൻ്റെ മൃതദേഹം കഴിഞ്ഞ ദിവസം നാട്ടിലേക്ക് കൊണ്ടുപോയി. വിശാഖും മകൻ നിവിയും മൃതദേഹത്തെ അനുഗമിച്ചു. പ്രിയപ്പെട്ട അമ്മയുടെ വിയോഗത്തെക്കുറിച്ച് നിവിയെ അറിയിക്കാതെയായിരുന്നു യാത്ര. എന്നാൽ, വിശാഖിൻ്റെ വീട് സ്ഥിതി ചെയ്യുന്ന കൊല്ലം ഇലങ്കത്തുവെളി ജവാഹർ നഗർ നക്ഷത്രയിൽ എത്തുന്നതിന് മുൻപ് നിവിക്ക് ഞെട്ടിക്കുന്ന വിവരം കൈമാറി. നിർത്താതെ കരയാൻ മാത്രമേ ആ ബാലന് സാധിച്ചിരുന്നുള്ളൂ. നീതുവിൻ്റെ മൃതദേഹം ഇന്നലെ കൊല്ലം മുളങ്കാടകം പൊതുശ്മശാനത്തിൽ സംസ്കരിച്ചു.

Back to top button
error: