നീലേശ്വരം: മടിക്കൈ പഞ്ചായത്തിലെ എരിക്കുളം പൂത്തക്കാല്‍ ആരോഗ്യ കേന്ദ്രത്തിലെ നഴ്സിനെ കൈയേറ്റം ചെയ്യുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയില്‍ ബി.ജെ.പി ജില്ല സെക്രട്ടറി ഉള്‍പ്പെടെ 13 പേര്‍ക്കെതിരെ കേസ്.
മടിക്കൈ പഞ്ചായത്ത് പ്രസിഡന്‍റ് എസ്. പ്രീത, വൈസ് പ്രസിഡന്‍റ് വി. പ്രകാശൻ, മടിക്കൈ പഞ്ചായത്ത് അംഗവും ബി.ജെ.പി ജില്ല സെക്രട്ടറിയുമായ എ. വേലായുധൻ, പഞ്ചായത്ത് അംഗങ്ങളായ രജിത പ്രമോദ്, പി.പി. ലീല, പി. സത്യ, രമ പത്മനാഭൻ, എൻ. ഖാദര്‍, ഹെല്‍ത്ത് ഇൻസ്പെക്ടര്‍ എം. ചന്ദ്രൻ, കെ.എം. ഷാജി, അരുണ്‍ കോളിക്കുന്ന്, രവീന്ദ്രൻ, ശൈലജ എന്നിവര്‍ക്കെതിരെയാണ് നീലേശ്വരം പൊലീസ് കേസെടുത്തത്.
മടിക്കൈ എരിക്കുളം ആരോഗ്യ കേന്ദ്രത്തിലെ നഴ്സ് പിലിക്കോട് മട്ടലായി ബിന്ദു ഭവനില്‍ തങ്കപ്പന്‍റെ മകള്‍ പി. സുമയുടെ പരാതിയിലാണ് കേസ്. 2023 മാര്‍ച്ച് 30, ഏപ്രില്‍ മൂന്ന് എന്നീ ദിവസങ്ങളില്‍ ആരോഗ്യ കേന്ദ്രത്തില്‍ അതിക്രമിച്ച് കയറി സുമയുടെ കൈയില്‍ നിന്ന് ആശുപത്രി രജിസ്റ്റര്‍ ബുക്ക് അനുവാദം കൂടാതെ പിടിച്ചുവാങ്ങുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും സ്ഥലം മാറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്. ജില്ല കലക്ടര്‍ക്ക് സുമ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.