തിരുവനന്തപുരം: എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് വ്യാജ സർട്ടിഫിക്കറ്റ് നൽകിയ സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകി കേരള സർവകലാശാല. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണാണ് സർവകലാശാലയുടെ ആവശ്യം. അതിനിടെ, കേരള പൊലീസ് കലിംഗ യൂണിവേഴ്സിറ്റിയിലെത്തി. സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവരങ്ങൾ കലിംഗ യൂണിവേഴ്സിറ്റി ജീവനക്കാരിൽ നിന്ന് പൊലീസ് ശേഖരിക്കും. വിഷയത്തിൽ കായംകുളം പൊലീസും ഉടൻ കേസെടുക്കും. വ്യാജരേഖ ചമയ്ക്കൽ വഞ്ചന എന്നീ കുറ്റങ്ങൾ ചുമത്തും.
നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്നായിരുന്നു സർവകലാശാല അധികൃതരുടെ വെളിപ്പെടുത്തൽ. നിഖിൽ തോമസിനെതിരായ നിയമനടപടിയുടെ ഭാഗമായി അഭിഭാഷകരുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് സർവകലാശാല രജിസ്ട്രാർ സന്ദീപ് ഗാന്ധി ഇന്നലെ പറഞ്ഞിരുന്നു. വ്യാജസർട്ടിഫിക്കേറ്റ് വിവാദത്തിൽ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്നും കലിംഗ സർവകലാശാല വ്യക്തമാക്കിയിരുന്നു. നേരത്തെയും സർവകലാശാലയുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഇറങ്ങിയതായി ശ്രദ്ധയിൽപ്പെട്ടിരുന്നെന്നും പരാതി നൽകിയിരുന്നുവെന്നും അധികൃതർ അറിയിച്ചു. കേരളത്തിൽ നേരിട്ടോ അല്ലാതെയോ സർവകലാശാലക്ക് പഠനകേന്ദ്രങ്ങളില്ല. കേരളത്തിലെ അന്വേഷണത്തിന് പുറമേ നിഖിലിന്റെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഛത്തിസ്ഗഡിലും പരാതി എത്തുന്നതോടെ വിവാദം കൂടുതൽ മുറുകുകയാണ്.