തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാനത്തെ ബിജെപിയുടെ പ്രവര്‍ത്തന ശൈലി മാറ്റണമെന്ന നിര്‍ദേശവുമായി ആര്‍എസ്എസ്. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷിന് ആര്‍എസ്എസാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയത്.
ലേക്‌സഭാ തെരഞ്ഞെടുപ്പ് നിര്‍ണായകമാണെന്നും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം വരുത്തണമെന്നുമാണ് ആര്‍എസ്എസിന്റെ നിര്‍ദേശം. നിലവില്‍ നേതാക്കളുടെ പ്രവര്‍ത്തനം പലതട്ടിലാണ്. പലരും രംഗത്ത് തന്നെയില്ല. ഈ രീതിയില്‍ തെരഞ്ഞെടുപ്പിലേക്ക് പോകാനാകില്ലെന്നും സംഘടന വിലയിരുത്തുന്നു. ആഡംബര പരിപാടികളല്ല, അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തിനാണ് ശ്രദ്ധ ചെലുത്തേണ്ടതെന്നും നിര്‍ദേശമുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.
കൊടകര കള്ളപ്പണക്കേസ് ബിജെപിക്ക് നാണേക്കടുണ്ടാക്കിയെന്നും അതിന്റെ ആഘാതം വലുതാണെന്നും സംഘടന നേരത്തെ വിലയിരുത്തിയിരുന്നു. ഇത് ആര്‍എസ്എസ് ദേശീയ നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്തു. ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷമാകും കേരളത്തില്‍ സംഘടനാ തെരഞ്ഞെടുപ്പ് ഉണ്ടാകൂവെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാന ബിജെപിയില്‍ നേതാക്കളെ മാറ്റിനിര്‍ത്താതെ അവരെ ഉള്‍ക്കൊണ്ടുപോകാന്‍ സംസ്ഥാന നേതൃത്വത്തിനാകുന്നില്ലെന്ന വിമര്‍ശനവും ആര്‍എസ്എസ് ഉന്നയിക്കുന്നുണ്ട്. നേരത്തെ ബിജെപി സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ഗണേശനെ മാറ്റിയിരുന്നു. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാനത്തെ ആര്‍എസ്എസ് പ്രചാരകരുടെ യോത്തിലായിരുന്നു തീരുമാനം. സഹസംഘടനാ സെക്രട്ടറി കെ സുഭാഷിനാണ് സംഘടന സെക്രട്ടറിയുടെ ചുമതല നല്‍കി.