മലപ്പുറം: 18 വയസ് തികയാത്ത അനിയന്മാര്ക്ക് സ്കൂട്ടര്‍ ഓടിക്കാന്‍ നല്കിയ രണ്ട് യുവാക്കള്‍ കുടുങ്ങി. മലപ്പുറത്ത് രണ്ട് വ്യത്യസ്ത സംഭവങ്ങളിലാണ് ചേട്ടന്മാര് പിടിയിലായത്. പുത്തനങ്ങാടി – തുവ്വക്കാട് പബ്ലിക് റോഡില്‍ സ്കൂട്ടര്‍ ഓടിച്ചതിന് ഒരാള്‍ പിടിയിലായപ്പോള്‍ രണ്ടാമന് കടുങ്ങാത്തുകുണ്ട് – പാറമ്മലങ്ങാടി റോഡില്‍ വെച്ചാണ് കുടുങ്ങിയത്. രണ്ടുപേര്‍ക്കും 30,250 രൂപ വീതം പിഴയും കോടതി പിരിയും വരെ തടവുമാണ് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധിച്ച ശിക്ഷ.
കഴിഞ്ഞ മാര്‍ച്ച് 21 നാണ് ഇരുവരും പിടിയിലായത്. കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കി പോലീസ് വിട്ടയച്ചെങ്കിലും വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു. തുടര്‍ന്ന് ആര്‍സി ഉടമകളായ സഹോദരങ്ങളെ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി കേസ്സ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. വെങ്ങാലൂര്‍ കടവത്ത് തളികപ്പറമ്പില്‍ മുഹമ്മദ് ഷഫീഖ് (23), കല്പകഞ്ചേരി പാറമ്മലങ്ങാടി കാരാട്ട് വീട്ടില്‍ മുഹമ്മദ് ഫസല്‍ യാസീന്‍ (22) എന്നിവരാണ് അനിയന്മാര്ക്ക് സകൂട്ടര്‍ നല്കി വെട്ടിലായത്.